Wed. Jan 22nd, 2025
വടശ്ശേരിക്കര:

വാഹനഗതാഗതം സ്വപ്നംകണ്ട് ഒരുകൂട്ടം ഗ്രാമവാസികൾ. തോമ്പിക്കണ്ടം രണ്ടാംവാര്‍ഡിലെ ചപ്പാത്ത്-സെമിത്തേരി റോഡരികില്‍ താമസിക്കുന്ന പതിനഞ്ചോളം താമസക്കാരാണ് റോഡ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണിത്.

ഇതില്‍ വെച്ചൂച്ചിറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗം സഞ്ചാരയോഗ്യമാണ്. ഈ ഭാഗം കോണ്‍ക്രീറ്റ്​ ചെയ്ത് ഗതാഗതത്തിന് സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍, നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് ഇതുവരെ ഒരുനിര്‍മാണവും നടന്നിട്ടില്ല.

ഒരുവശം റബര്‍ ബോര്‍ഡ്​ വക സ്ഥലമാണ്. കുത്തനെയുള്ള കയറ്റം ആദ്യകാലത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പുനരുദ്ധാരണം നടത്തിയതൊഴിച്ചാല്‍ പിന്നെ നാട്ടുകാരുടെ ശ്രമദാനം മാത്രമേ നടന്നിട്ടുള്ളൂ. ഇത് മഴക്കാലം എത്തുമ്പോള്‍ വെള്ളം കുത്തിയൊലിച്ച്​ നശിക്കും.

പിന്നീട് കാല്‍നടപോലും സാധ്യമല്ല. വലിയപതാല്‍-ക്യൂബ-ചപ്പാത്ത് റോഡില്‍നിന്ന്​ വലിയ ഇറക്കത്തില്‍ തുടങ്ങുന്ന റോഡ് നൂറുമീറ്റര്‍ പിന്നിടുന്നതോടെ വലിയ കയറ്റത്തിലേക്കാണ് എത്തുന്നത്. ലൈഫ് പദ്ധതിയിലടക്കം വീടുകള്‍ നിര്‍മിക്കുന്നതിനും മറ്റ്​ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ ദൂരം തലച്ചുമടായി സാധനങ്ങള്‍ എത്തിക്കേണ്ടിവരുന്ന ഗതികേടിലാണ് ഇവിടത്തെ താമസക്കാര്‍.

ദയനീയാവസ്ഥ മനസ്സിലാക്കി പഞ്ചായത്ത് അധികൃതരുടെ കനിവില്‍ റോഡ്​ വരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണിവിടുത്തുകാര്‍.

By Divya