Fri. Nov 22nd, 2024
കോട്ടയം:

വെള്ളത്തിൽ മുങ്ങിയ വർക്‌ഷോപ്പ്‌, മുട്ടറ്റം വെള്ളം കെട്ടിക്കിടക്കുന്ന റാമ്പ്‌, ഇലക്‌ട്രിക്കൽ മുറിയിൽ നിന്നും വരുന്ന വെള്ളത്തിന്റെ ഉറവ, തൊട്ടാൽ ഷോക്കടിക്കുന്ന വയറിങ്‌, മുൻ ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ഹൈടെക്‌ ഡിപ്പോയായ കോട്ടയത്ത്‌ കോടികൾ മുടക്കി നിർമിച്ച ആധുനിക വർക്‌ഷോപ്പിന്റെ അവസ്ഥയാണിത്‌.

പൊട്ടിപ്പൊളിഞ്ഞ്‌ നാട്ടുകാരുടെ നടുവൊടിക്കുന്ന കോട്ടയം ഡിപ്പോയിലെ കെട്ടിടങ്ങൾ ആടിയുലഞ്ഞ്‌ നിൽക്കുകയാണ്‌. ഇത്‌ കൂടാതെ മഴയത്ത്‌ ജീവനക്കാർക്ക്‌ ദുരിതമായി മാറുകയാണ്‌ വർക്‌ഷോപ്പ്‌. കോട്ടയത്ത്‌ രണ്ടുതവണ എംഎൽഎ ആയ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയുമായിരുന്നു.

മൂന്ന്‌ കോടി 10 ലക്ഷം രൂപ മുടക്കിയാണ്‌ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ വർക്‌ഷോപ്പ്‌ നിർമിപ്പിച്ചത്‌. ജീവനക്കാരും കെഎസ്‌ആർടിഇഎയും അന്ന്‌ തന്നെ നിർമാണത്തിലെ അശാസ്‌ത്രീയത ചൂണ്ടികാട്ടിയിരുന്നു. ഇപ്പോൾ നിർമിച്ച വർക്‌ഷോപ്പ് വശങ്ങളിലോ എതിർവശത്തോ ആയി നിർമിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്‌.

വർക്‌ഷോപ്പിലുള്ള രണ്ട്‌ റാമ്പിലും മഴ തുടങ്ങിയതോടെ മുട്ടറ്റമാണ്‌ വെള്ളം. ഇവിടുത്തെ വയറിങ്ങിൽ വെള്ളമിറങ്ങി റാമ്പിൽ എത്തുന്നതിനാൽ പണിചെയ്യാൻ ഇറങ്ങിയാൽ ഷോക്കടിക്കും. റാമ്പിൽ വെള്ളം കയറുന്നതോടെ വണ്ടിയുടെ അടിഭാഗം പരിശോധിക്കാൻ കഴിയില്ല.

ഷോക്കടിക്കുന്നതിനാൽ ബസിന്റെ ഇലട്രിക്കൽ ജോലികൾ ചെയ്യാനും പറ്റില്ല. ഇലക്‌ട്രിക്ക്‌ റൂമിലെ മേൽക്കൂരയുടെ സിമന്റ്‌ പാളി ഇളകി ശുചിമുറിയിൽ നിന്നും വെള്ളം ചോർന്നൊലിക്കുകയാണ്‌. വിശ്രമമുറിക്കും സമാന അവസ്ഥ തന്നെ. ശുചിമുറിയുടെ അവസ്ഥയും പരമ ദയനീയം.

നേരത്തെ മൂന്ന്‌ വർക്‌ഷോപ്പുകളിലായി 32 ബസുകൾ അറ്റകുറ്റപ്പണി ചെയ്യാമായിരുന്നെങ്കിൽ ഇന്ന്‌ കഷ്ടിച്ച്‌ അഞ്ച്‌ ബസുകൾ മാത്രമേ പണിയാൻ സാധിക്കൂ. സ്‌റ്റാൻഡ്‌ നിർമിക്കാൻ പോകുന്നുവെന്ന്‌ പറഞ്ഞ തിരുവഞ്ചൂർ മണ്ണെടുപ്പിന്‌ കൂട്ടുനിൽക്കുകയായിരുന്നു. കോടിക്കണക്കിന്‌ രൂപയുടെ മണ്ണാണ്‌ ഇവിടെ നിന്നും കടത്തിയത്‌. വൻ അഴിമതി ഇതിനുപിന്നിലുണ്ടെന്ന്‌ ജീവനക്കാർ പറഞ്ഞു.

തിരുവഞ്ചൂർ എംഎൽഎ ഫണ്ട്‌ നൽകിയിരുന്നെങ്കിൽ മികച്ച സൗകര്യത്തോടെ പുതിയ സ്‌റ്റാൻഡ്‌ നിർമിക്കാമെന്നിരിക്കെ സർക്കാരിനെ കുറ്റപ്പെടുത്തി തലയൂരുകയാണ്‌ അദ്ദേഹം.
അതേസമയം വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന്‌ കെഎസ്‌ആർടിഇഎ ഭാരവാഹികൾ പറഞ്ഞു. ഇപ്പോൾ നിർമാണത്തിനൊരുങ്ങുന്ന യാർഡ്‌ അടക്കം ജനങ്ങൾക്കും ജീവനക്കാർക്കും ഗുണകരമാകുന്ന തരത്തിലാകണം നിർമിക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു.

By Divya