വെണ്ണിക്കുളം:
മണിമലയാറിൽ കോമളം പാലത്തിന് താഴെ ഒഴുകിയെത്തിയ തടി പാലത്തിന്റെ തൂണിൽ ഇടിച്ച് നിൽക്കുന്നു. ഡാമുകൾ ഇല്ലാത്ത മണിമലയാറിൽ കിഴക്ക് നിന്നെത്തുന്ന തടിയും ചെറിയ മരങ്ങളും പലപ്പോഴും ഒഴുകിയെത്തിയാൽ കോമളം പാലത്തിന്റെ തൂണിൽ തടഞ്ഞ് നിൽക്കുന്നത് പതിവാണ്. ഒരാൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത വണ്ണവും 40 അടിയോളം നീളവുമുള്ള തടിയാണ് ഇത്.
ജലനിരപ്പുയരുമ്പോൾ ഒഴുക്കിന്റെ ശക്തിക്ക് അനുസരിച്ച് വലിയ തടി പാലത്തിന്റെ തൂണിൽ തുടർച്ചയായി ഇടിക്കുന്നുണ്ട്. പൊക്കം കുറവായതിനാൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ അതിവേഗം മുങ്ങുന്ന പാലമാണ് കോമളം പാലം. ജല നിരപ്പ് ഉയർന്ന് പാലത്തിന്റെ കൈവരിക്കൊപ്പം എത്തിയാൽ തടിയിടിച്ച് കൈവരി തകരാനുള്ള സാധ്യതയുണ്ട്.
തടി മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലനിരപ്പ് താഴ്ന്ന സമയങ്ങളിൽ തടിയുടെ പിന്നിൽ നൂറ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണു തങ്ങി നിൽക്കുന്നത്. നേരത്തേ മുളയും മറ്റ് മരക്കൊമ്പുകളും തങ്ങി നിൽക്കുമ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ കെട്ടിക്കിടക്കാറുണ്ട്.