മുള്ളരിങ്ങാട്:
മഴ പെയ്താൽ അമയൽതൊട്ടി– ഇല്ലിപ്ലാന്റേഷൻ റോഡിലെ യാത്രക്കാർ അക്കരെ ഇക്കരെ നിൽക്കണം. ഇനി മുള്ളരിങ്ങാട് നിവാസികൾക്ക് തലക്കോട് എത്തണമെങ്കിൽ ആറു കിലോ മീറ്ററിനു പകരം 32 കിലോമീറ്റർ ചുറ്റിക്കറങ്ങണം. തലക്കോട് കാർ മുള്ളരിങ്ങാട് എത്തണമെങ്കിലും ഇതു തന്നെ അവസ്ഥ.
പുഴ കര കവിഞ്ഞ് ഒഴുകിയിട്ടാണ് വെള്ളക്കെട്ട് എന്നു കരുതേണ്ട. മല വെള്ളം ഒഴുകി റോഡ് നിറയുന്നതാണു പ്രശ്നം. വനമേഖലയിൽ നിന്നെത്തുന്ന വെള്ളം ഒഴുകി പോകാൻ റോഡ് അൽപം താഴ്ത്തിയാണ് ഇവിടെ പണിതിരിക്കുന്നത്‍.
പക്ഷേ വെള്ളം ഒഴുകിപ്പോകാൻ ആ താഴ്‌ചയൊന്നും പോരാ. റോഡാകെ വെള്ളം നിറഞ്ഞു വലിയ ഒഴുക്ക് തന്നെ ഉണ്ടാകും. പ്രായമായവരോ കുട്ടികളോ ഈ സമയം ഇവിടം മുറിച്ചു കടക്കാൻ ശ്രമിച്ചാൽ അപകടത്തിൽ പെടും എന്നതാണ് സ്ഥിതി.
ഈ അവസ്ഥ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽ ഒട്ടേറെ തവണ ഇക്കാര്യം കാണിച്ചു പരാതിപ്പെട്ടു. എന്നാൽ പ്രശ്ന പരിഹാരമില്ല.
മുള്ളരിങ്ങാട് തലക്കോട് റോഡിൽ ഇല്ലി പ്ലാന്റേഷനു സമീപമാണ് റോഡിലെ ദുരിതം. വിദ്യാർഥികൾ ഉൾപ്പെടെ അനവധി യാത്രക്കാരാണ് ഇത് മൂലം കഷ്ടപ്പെടുന്നത്. ഇവിടെ വെള്ളം നിറഞ്ഞാൽ അഞ്ചു കിലോമീറ്റർ ചുറ്റിക്കറങ്ങണം നാട്ടുകാർക്ക് വീടുകളിൽ എത്താൻ.
ഇക്കാര്യത്തിൽ പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.