Fri. Nov 22nd, 2024

കോഴിക്കോട്:

കോഴിക്കോട്ടെ വ്യാപാരികളുടെ പ്രതിഷേധം തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍. ഇന്നത്തെ പ്രതിഷേധം നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നാണ് നസറുദ്ദീന്‍റെ പ്രതികരണം. സര്‍ക്കാരുമായുള്ള ചര്‍ച്ചയാണ് സംഘടനയുടെ വഴി. മന്ത്രി എം വി ഗോവിന്ദന്‍റെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും നസറുദ്ദീന്‍ പറഞ്ഞു. 

കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി കടകള്‍ തുറക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെ ഇന്ന് രാവിലെ 10 മണിയോടെയാണ് കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധിച്ചത്. മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളും പൊലിസും തമ്മില്‍ ഉന്തും തളളുമുണ്ടായി. കടകൾ  തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ നിയന്ത്രണം ലംഘിച്ച് കടകൾ തുറക്കാനായിരുന്നു വ്യാപാരികളുടെ തീരുമാനം.

നിയന്ത്രണം കർശനമായി പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും മിഠായി തെരുവിൽ തമ്പടിച്ചു. എന്നാൽ പൊലീസിനെ വകവെക്കാതെ പ്രകോപനവുമായി വ്യാപാരികൾ മിഠായി തെരുവിലേക്ക് നീങ്ങി. വ്യാപാരികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ ആദ്യ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ കടകൾ തുറക്കാനുള്ള ശ്രമം വ്യാപാരികൾ അവസാനിപ്പിച്ചില്ല.

ചെറുസംഘങ്ങളായി തിരിഞ്ഞ് വീണ്ടും പ്രതിഷേധിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ പൊലീസ് അടുത്ത സംഘത്തെയും അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധിച്ചവർക്കെതിരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനെതിരെ കേസെടുത്തു.