രാജകുമാരി:
പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി. ടൗണിൽ പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള സ്ഥലത്താണ് ജാക്ഹാമർ ഉപയോഗിച്ച് ഖനനം നടത്തുന്നത്. ഇത് പട്ടയഭൂമിക്ക് പുറത്തുള്ള പുറമ്പോക്കാണെന്നാണ് ആക്ഷേപം.
ആനയിറങ്കൽ ഡാമിലെ വെള്ളം പൊന്മുടി ഡാമിലേക്ക് ഒഴുക്കിവിടുന്നത് പന്നിയാർ പുഴയിലൂടെയാണ്. സ്ഥിരം കൈയേറ്റങ്ങളിലൂടെ പൂപ്പാറ മേഖലയിൽ പന്നിയാർ പുഴയുടെ വീതികുറയുന്നു എന്ന ആക്ഷേപം നിലനിൽക്കെയാണ് കെട്ടിട നിർമാണത്തിൻെറ പേരിൽ പാറപൊട്ടിക്കുന്നത്. മുമ്പും ഇവിടെ പാറപൊട്ടിക്കാൻ നടന്ന ശ്രമം വില്ലേജ് ഓഫിസർ തടഞ്ഞിരുന്നു.
തുടർന്ന് സ്ഥലമുടമ താലൂക്ക് ഓഫിസിൽ അപേക്ഷ നൽകി. പട്ടയ ഭൂമിയിൽ രാസവസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ചെടുക്കാനും കല്ല് അവിടെത്തന്നെ നിർമാണത്തിനായി ഉപയോഗിക്കാനുമുള്ള അനുവാദം താലൂക്ക് ഭൂരേഖ തഹസിൽദാർ നൽകിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസർ പറഞ്ഞു.