കോട്ടയം:
പാലായിലും ഭരണങ്ങാനത്തും പൂഞ്ഞാറിലും കിടങ്ങൂരുമൊക്കെ പെയ്ത മഴയുടെ അളവ് എത്രയാ? മീനച്ചിൽ നദീസംരക്ഷണ സമിതിയിലെ കുട്ടി വളൻറിയർമാർ പറയും കൃത്യമായി ഇക്കാര്യം. മഴയുടെ അളവറിയാൻ ജില്ലക്ക് പഴയപോലെ ഹൈഡ്രോളജി വകുപ്പിൻ്റെ അറിയിപ്പ് കാത്തിരിക്കണ്ട.
മുപ്പതോളം കുട്ടികളാണ് മഴമാപിനി ഉപയോഗിച്ച് മഴയുടെ അളവെടുക്കുന്നതും പൊതുജനങ്ങൾക്കായി പങ്കുവെക്കുന്നതും. മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ പഠനങ്ങളുടെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം. പൂഞ്ഞാർ ടൗൺ, പെരിങ്ങളം, മലയിഞ്ചിപ്പാറ, തെക്കേക്കര പാതാമ്പുഴ തുടങ്ങിയിടങ്ങളിലെല്ലാം മഴ നിരീക്ഷണവുമായി കുട്ടികൾ രംഗത്തുണ്ട്.
വളൻറിയർമാർ രാവിലെ നിശ്ചിത സമയത്ത് മഴമാപിനി ഉപയോഗിച്ച് മഴയുടെ അളവ് ഗൂഗിൾ ഫോമിലോ വാട്സ്ആപ് ഗ്രൂപ്പിലോ രേഖപ്പെടുത്തി നൽകും. സ്കൂളുകളെ കൂടി സഹകരിപ്പിച്ച് മഴമാപിനിയുടെ പ്രവർത്തനം വിപുലമാക്കാനായിരുന്നു സമിതിയുടെ ഉദ്ദേശം. കോവിഡ് വ്യാപനം കാരണം സ്കൂളുകൾ അടഞ്ഞതിനാൽ അതു നടന്നില്ല.
എന്നാൽ, ഓരോ മേഖലയിലും കുട്ടികൾ ആവേശത്തോടെ സ്വയം മുന്നോട്ടുവന്നു. കൂടാതെ അരുവിത്തുറ സെൻറ് ജോർജ് കോളജ്, കിടങ്ങൂർ എൻജിനീയറിങ് കോളജ് വിദ്യാർഥികളും ഇതുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങൾ നടത്തുന്നുണ്ട്. കുട്ടികളെ കൂടാതെ അമ്പതോളം മുതിർന്ന വളൻറിയർമാരും മഴ-പുഴ നിരീക്ഷണത്തിനുണ്ട്.
ഇവർ പങ്കുവെക്കുന്ന വിവരങ്ങൾ വെച്ചാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർ വെള്ളപ്പൊക്ക സാധ്യത കണക്കാക്കുന്നത്. നിലവിൽ മഴയുടെ അളവ്, പുഴയിലെ വെള്ളത്തിൻ്റെ അളവ് എന്നിവ ജനകീയ നിരീക്ഷണത്തിലൂടെ പഠിക്കുകയാണ് ചെയ്യുന്നത്.
ഈ വിവരശേഖരണത്തിലൂടെ ഒന്നോ രണ്ടോ വർഷം കൊണ്ട് പ്രളയം പ്രവചിക്കാവുന്ന അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ. തദ്ദേശസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പ്രവർത്തനം. അധികൃതരും ഈ വിവരങ്ങൾ ആധികാരികമായി ഉപയോഗിച്ചുതുടങ്ങി.
നിലവിൽ വാഗമൺ മുതൽ കുമരകം വരെ 50 മഴമാപിനികളാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. 10 ദിവസത്തിനകം ഇത് 150 ആകും. ഇതിനായി സ്ഥലം കണ്ടെത്തൽ പൂർത്തിയായി.