Wed. Jan 22nd, 2025
പത്തനംതിട്ട:

“”ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്; കൈതപ്പൊത്തിൽ വെച്ചിട്ടുണ്ട് അപ്പം തന്നാലിപ്പം പാടാം, ചക്കര തന്നാൽ പിന്നേം പാടാം”. അമ്മുക്കുട്ടി പാവ പാടുകയാണ്. വിക്ടേഴ്സിൽ നടക്കുന്ന മുന്നൊരുക്ക ക്ലാസുകളിലാണ് അതിഥിയായി അമ്മുക്കുട്ടി പാവ എത്തിയത്.

പപ്പറ്റിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ആറാം ക്ലാസിലെ മലയാളം ക്ലാസിൽ കുട്ടികളുടെ പ്രതിനിധിയായാണ്‌ അമ്മുക്കുട്ടിയുടെ വരവ്‌. മുൻവർഷത്തെ പ്രവർത്തനങ്ങളുടെ ഓർമപ്പെടുത്തലുകൾ ലക്ഷ്യമിട്ടുകൊണ്ട് രണ്ട് എപ്പിസോഡിൽ പൂർത്തിയാക്കുന്ന ക്ലാസിൽ അടുത്ത തവണ അബു എന്ന കൂട്ടുകാരനും എത്തും.

കവിതയും കടംകഥയുമായി പുതിയ കൂട്ടുകാരി എത്തിയപ്പോൾ കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. ജില്ലയിലെ ജി ശ്രീരഞ്ജു (ജിഎച്ച്‌എസ് കോഴഞ്ചേരി ), രഞ്ജന (എസ്എൻവി യുപിസ് വെട്ടൂർ ), ഗീതാരാജ് ( കെഎച്ച്‌എംഎൽപിഎസ് മലയാലപ്പുഴ) എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം യുപി മലയാളം ക്ലാസുകൾ കൈകാര്യം ചെയ്ത അധ്യാപകരാണ് ഇവർ.

കുട്ടികളിൽ താല്പര്യമുണ്ടാക്കുന്നതിനായി വ്യത്യസ്ത തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സാധ്യതകളെ പഠനത്തിൽ ഉപയോഗിക്കുന്നത്. എസ്‌സിഇആർടിയുടെ നിർദേശാനുസരണമാണ് ക്ലാസുകൾ എടുക്കുന്നത്. റിസർച്ച് ഓഫീസർ ഡി പി അജി ക്ലാസുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു.

കോഴഞ്ചേരി ഹൈസ്കൂളിൽ പപ്പറ്റ് ക്ലബ്‌ നന്നായി നടക്കുന്നു. കഥാവേളയും ദിനാചരണവും പപ്പറ്റ് ഉപയോഗിച്ച് കുട്ടികൾക്കു വേണ്ടി ഭംഗിയായി ചെയ്യുന്നു.

By Divya