വടകര:
ജില്ലാ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ അശാസ്ത്രീയമായി നടത്തുന്ന പരിശോധനയുടെ രീതി മാറ്റണമെന്ന് ആവശ്യമുയർന്നു. പരിശോധനാ ഫലം വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുകയാണ്. ആർടിപിസിആർ പരിശോധനാ ഫലം 3 ദിവസം വരെ വൈകുന്നതാണ് പ്രധാന പ്രശ്നം. സ്രവ പരിശോധന നടത്തിയവർ പുറത്തിറങ്ങി നടന്നു 2 ദിവസം കഴിഞ്ഞ് പോസിറ്റീവ് ആണെന്നറിഞ്ഞാൽ സമ്പർക്ക പട്ടികയിലുള്ളവർ മുഴുവൻ പരിശോധനയ്ക്ക് വരേണ്ടി വരും.
മൃതദേഹ പരിശോധനയുടെ ഫലവും വൈകുന്നു. നേരത്തേ മൃതദേഹത്തിന് ആന്റിജൻ ടെസ്റ്റായിരുന്നപ്പോൾ ഫലം അന്നു തന്നെ കിട്ടുമായിരുന്നു. ഇതിനിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം വന്ന ശേഷം വിട്ടു കൊടുത്തയാളുടെ മരണത്തിൽ സംശയം ഉയർന്നതു കൊണ്ട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോയി. അവിടെ നടത്തിയ ആർടിപിസിആറിൽ പോസിറ്റീവ് ആയി. ഇതുടർന്ന് എല്ലാ മൃതദേഹവും ആർടിപിസിആർ നടത്തിയാണ് വിട്ടു കൊടുക്കുന്നത്.
ഇതിന്റെ ഫലം വരാൻ താമസം വരുന്നതു കൊണ്ട് മൃതദേഹം ഒരു ദിവസത്തിലേറെ മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വരുന്നു.ദിവസം 75 മുതൽ 100 പേർക്കാണ് പരിശോധന. ഒപിയിൽ കാണിച്ചവരെ അഡ്മിറ്റ് ചെയ്താൽ പരിശോധന നിർബന്ധമാണ്. മറ്റെന്തെങ്കിലും രോഗം വന്നവരും പരിശോധനയ്ക്ക് ഇവിടെ വരി നിൽക്കണം.
നേരത്തേ ആർടിപിസിആർ നടത്തിയ രോഗികളെ ഫലം വരുന്നതു വരെ മറ്റൊരു മുറിയിലേക്ക് മാറ്റുമായിരുന്നു. ഇതിൻറെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇപ്പോൾ ആന്റിജൻ ടെസ്റ്റാണ് നടത്തുന്നത്.പേ വാർഡ് കെട്ടിടത്തിൽ ഒന്നര വർഷമായി നടത്തുന്ന കൊവിഡ് പരിശോധനയുടെ തൊട്ടടുത്താണ് വാക്സീൻ വിതരണം.
രണ്ടിടത്ത് വരുന്നവരും തമ്മിൽ സമ്പർക്ക സാധ്യത ഏറെയാണ്. മോർച്ചറിക്കും പേ വാർഡിനും ഇടയിലുള്ള സ്ഥലത്താണ് കോവിഡ് പരിശോധനയ്ക്ക് ആളുകൾ കാത്തു നിൽക്കുന്നത്. ഇവർക്ക് നല്ല ഷെൽറ്ററോ ഇരിപ്പിടങ്ങളോ ഇല്ല.
പരിശോധനയ്ക്ക് എത്തുന്നവർ തമ്മിലും സമ്പർക്ക സാധ്യത ഏറെയാണ്.രാവിലെ 9 മുതൽ പരിശോധനയ്ക്ക് ആളെത്തുന്നുണ്ടെങ്കിലും 11 കഴിഞ്ഞേ പ്രവർത്തനം തുടങ്ങു. ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും കൊണ്ടാണ് കൊവിഡ് പരിശോധന. ഇതിനായി പ്രത്യേകം ജീവനക്കാരെ കിട്ടാത്തതു കൊണ്ട് ആശുപത്രിയിലെ രാവിലെയുള്ള ജോലി കഴിഞ്ഞ ശേഷമേ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് പരിശോധന കൗണ്ടറിൽ എത്താൻ കഴിയുന്നുള്ളൂ.