Sun. Dec 22nd, 2024
കോട്ടയം:

ലോക്ഡൗണും വിലയിടിവുംമൂലം കർഷകർ റബർ കൃഷി ചെയ്യാൻ മടിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ പുതിയതായി റബർ നടുന്ന തോട്ടങ്ങളുടെ വിസ്തൃതി അഞ്ചിലൊന്നായി കുറഞ്ഞു. മുൻവർഷങ്ങളിൽ ഓരോ വർഷവും ശരാശരി 30,000 ഹെക്ടറിലാണ് കർഷകർ റബർ നട്ടിരുന്നത്. 6,000 ഹെക്ടറിൽ താഴെയാണ് ഇപ്പോൾ പുതിയ തോട്ടങ്ങളുടെ വിസ്തൃതി.

പുതിയ റബർ തോട്ടങ്ങൾ നട്ടു പിടിപ്പിക്കുന്നതിന് കർഷകർക്ക് റബർ ബോർഡ് നൽകുന്ന സബ്സിഡിയുടെ വിതരണത്തിനായി കണക്കെടുത്തപ്പോഴാണ് ഇടിവ് കണ്ടെത്തിയത്. ഏകദേശം 6,000 ഹെക്ടർ ഭൂമിയിലേക്കുള്ള സബ്സിഡിയായി 30 കോടി രൂപ ആവശ്യപ്പെട്ട് റബർ ബോർഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചു.

2018, 2019, 2020 വർഷങ്ങളിലെ സബ്സിഡിയാണ് ഇപ്പോൾ ഒരുമിച്ചു കൊടുക്കുന്നത്. പുതിയ റബർ തോട്ടങ്ങൾ നട്ടുപിടിപ്പിക്കുന്ന കർഷകർക്ക് ഹെക്ടറിന് മുൻ വർഷങ്ങളിൽ 25,000 രൂപ വീതമാണ് നൽകുന്നത്. ഇത്തവണ സബ്സിഡി തുക എത്രയെന്ന് വാണിജ്യ മന്ത്രാലയമാണ് തീരുമാനിക്കുക.

പുതിയ തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നവർക്കും (പുതുകൃഷി) പഴയ തോട്ടങ്ങൾ വെട്ടിമാറ്റി പുതിയ തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നവർക്കുമാണ് (ആവർത്തനക്കൃഷി) സബ്സിഡി ലഭിക്കുക. ഈ വർഷം മുതൽ റബർ സബ്സിഡിക്കുള്ള അപേക്ഷ ഓൺലൈനിലാണ് സ്വീകരിക്കുക. അടുത്തയാഴ്ച മുതൽ റബർ ബോർഡ് വെബ്സൈറ്റിൽ അപേക്ഷ നൽകാം.

ലോക്ഡൗൺമൂലമുള്ള അസ്ഥിരത, റബർ വിലയിടിവ്, റബർ മരങ്ങൾ വാങ്ങാൻ ആളില്ലാത്തത് തുടങ്ങിയവയാണ് കൃഷി കുറയാൻ കാരണം.

By Divya