Sun. Dec 22nd, 2024

പാലക്കാട് :

95 ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്കു മാറിയതോടെ വാളയാർ ടോൾപ്ലാസ ഇനി പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കും. പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ഗതാഗതക്കുരുക്കും ഇതോടെ ഒഴിവാകും. പണം കൊടുത്തു പോവാനുള്ള ട്രാക്കുകൾ ഇനിയുണ്ടാകില്ല.

വാഹനം ടോൾ ലൈനിലേക്ക് എത്തിയാലുടൻ പ്രത്യേക സർവറിലൂടെ ഫാസ്ടാഗ് വഴി ടോൾ ഈടാക്കും. ഫാസ്‍ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളിൽനിന്നും പ്രവർത്തനക്ഷമമല്ലാത്ത ഫാസ്‍ടാഗുമായി വരുന്ന വാഹനങ്ങളിൽനിന്നും ഇരട്ടി തുക ഈടാക്കും. ‍വാളയാറിൽ പ്രതിദിനം 18,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.

ഇതിൽ പതിനായിരവും ചരക്കുവാഹനങ്ങളുമാണ്. ഇരു ഭാഗങ്ങളിലേക്കുമായി നിലവിൽ 10 ലൈനുകളുണ്ട്. ആംബുലൻസ്, ഓട്ടോ, ഇരുചക്രവാഹനങ്ങൾ, മറ്റ് എമർജൻസി സർവീസുകൾ എന്നീ വാഹനങ്ങൾക്കായി സജീകരിച്ച പ്രത്യേക ട്രാക്കിലൂടെ മറ്റു വാഹനങ്ങൾ കടത്തിവിടില്ല.

സമയ ലാഭം, ഇന്ധന ലാഭം, തടസ്സമില്ലാത്ത യാത്ര എന്നിവയാണു ഫാസ്‍ടാഗിലൂടെ ഉറപ്പുനൽകുന്നത്. ഫെബ്രുവരി 15 മുതലാണു ഫാസ്ടാഗ് നിർബന്ധമാക്കിയത്. വാളയാർ– വടക്കഞ്ചേരി എക്സ്പ്രസ് വേയ്സ് പ്രൈവറ്റ് ലിമിറ്റഡിനാണു ടോൾപ്ലാസയുടെ ചുമതല.

By Rathi N