ആലത്തൂർ:
പോത്തുണ്ടി ഡാമിൽനിന്ന് ആറ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ നിർമാണത്തിനായി ഉരുക്ക് പൈപ്പുകൾ എത്തിത്തുടങ്ങി. നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയിട്ടുള്ള പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശേന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കു കൂടി നടപ്പാക്കുന്ന കിഫ്ബിയുടെ 180 കോടിയുടേതാണ് പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട തുക ഉൾപ്പെടുത്തുമ്പോൾ 274 കോടിയാണ് ചെലവ് കണക്കാക്കിയത്.
തരൂർ പഞ്ചായത്തിനെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ നടന്നുവരുന്നതായും അറിയുന്നു. ഹൈദരാബാദിലെ ഒരു കമ്പനിയാണ് നിർമാണ കരാർ എടുത്തത്. പൈപ്പ് എത്തിച്ചു തുടങ്ങിയെങ്കിലും പ്രധാന റോഡുകളിലെ പണി തുടങ്ങില്ല.
മഴക്കാലമായതിനാൽ പ്രധാന റോഡ് വശത്ത് പൈപ്പ് സ്ഥാപിക്കാൻ ചാലെടുക്കാൻ പൊതുമരാമത്ത് വിഭാഗം അനുമതി ലഭിച്ചിട്ടില്ല. പഞ്ചായത്ത് റോഡ് വശങ്ങളിൽ നടന്നുകൊണ്ടിരുന്ന പണികൾ കൊവിഡിനെ തുടർന്ന് മുടങ്ങിയിരുന്നത് ഉടൻ പുനരാരംഭിക്കാക്കാനാണ് ഇപ്പോൾ തീരുമാനിച്ചത്. പണികൾ നടന്നുവന്നത് എലവഞ്ചേരി, പല്ലശ്ശേന പഞ്ചായത്തുകളിലായിരുന്നു.
ജല ശുദ്ധീകരണശാല ഉൾപ്പെടെ നിർമിച്ച് 2023 മാർച്ചിൽ കമീഷൻ ചെയ്യാനാണ് തീരുമാനം. ഡാമിന്റെ മുൻ ഭാഗത്ത് 17.58 കോടി ചെലവിൽ 26 ദശലക്ഷം ലിറ്റർ ജല ശുദ്ധീകരണശാലയുടെ നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള 10 ലക്ഷം ലിറ്റർ ജലസംഭരണി എലവഞ്ചേരി വെങ്കായപാറയിലും പല്ലശ്ശേന, എരിമയൂർ പഞ്ചായത്തുകളിലേക്കുള്ള 33 ലക്ഷം ലിറ്റർ സംഭരണി പല്ലാവൂരിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലും ആലത്തൂർ, കാവശ്ശേരി, പുതുക്കോട് എന്നീ പഞ്ചായത്തുകളിലേക്കുള്ള 40 ലക്ഷം ലിറ്റർ സംഭരണി ആലത്തൂർ വെങ്ങന്നൂർ നെരങ്ങാംപാറ കുന്നിന് മുകളിലുമാണ് നിർമിക്കുന്നത്.
തരൂർ പഞ്ചായത്ത് കൂടി ഉൾപ്പെടുമ്പോൾ നെരങ്ങാംപാറയിലെ സംഭരണി മതിയാകുമെന്നാണ് കണക്കാക്കിയത്.