Fri. Nov 22nd, 2024
പത്തനംതിട്ട:

രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 103000 രൂപ പിഴയിട്ടത്.

കഴിഞ്ഞ ദിവസം തിരുവല്ല നഗരത്തിലാണ് സംഭവം. രജിസ്റ്റർ ചെയ്യാതെയും HSRP നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നു എന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇതുസംബന്ധിച്ച് കര്‍ശന പരിശോധന നടത്താന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഓമാര്‍ക്കും ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്ന് തിരുവല്ല ജോയിന്‍റ് ആര്‍ടിഒ ശ്രീ പ്രകാശിന്റെ നിർദ്ദേശപ്രകാരം തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം പ്രത്യേക വാഹന പരിശോധന നടന്നിരുന്നു.

ഇതിനിടെയാണ് തിരുവല്ല ടൌണില്‍ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ യാദൃശ്ചികമായി പുതിയ വാഗണ്‍ ആര്‍ വന്നുപെടുന്നത്. ഈ കാറിന് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിന്നാലെ ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി.

ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് ഫൈന്‍ ഈടാക്കിയത്.

By Divya