ഓയൂർ:
കരീപ്ര ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കിടം ഏലായിൽ തരിശുകിടന്ന ഒരേക്കറോളം നിലത്തിൽ ഇനി പൊന്നുവിളയും. വർഷങ്ങളായി കാടുമൂടിക്കിടന്ന വയൽ ഇടയ്ക്കിടം സുരേഷ്കുമാർ ഫൗണ്ടേഷൻ പാട്ടത്തിനെടുത്ത് നെൽക്കൃഷിക്ക് ഒരുക്കി. മന്ത്രി കെ എൻ ബാലഗോപാലിൻെറ നേച്ചർ കൊട്ടാരക്കരയുമായി ചേർന്നാണ് കൃഷി.
ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഏല നെൽക്കൃഷിക്കായി ഒരുക്കിയെടുത്തത്. കാടും പടലും നീക്കിയ നിലം ഉഴുതുമറിക്കാൻ ട്രില്ലറിറക്കിയെങ്കിലും ചതുപ്പ് വെല്ലുവിളിയായി. ഫൗണ്ടേഷൻ പ്രവർത്തകരും കർഷകരും ചേർന്ന് കഠിന പരിശ്രമം ചെയ്താണ് ഉഴവ് പൂർത്തിയാക്കിയത്.
ഫൗണ്ടേഷൻ അംഗങ്ങളായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവർ പങ്കെടുത്തു. ഞായറാഴ്ച വിത്ത് വിതക്കും. ഇടയ്ക്കിടത്തെ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായാണ് നെൽക്കൃഷി.
പ്രദേശത്തെ ഇരുന്നൂറോളം വീടുകളിൽ പച്ചക്കറി കൃഷിയും ഫൗണ്ടേഷൻ ചെയ്യുന്നുണ്ട്. 50 വീടുകളിൽ ഫൗണ്ടേഷൻ നേരിട്ട് തൈകൾ നട്ട് തോട്ടമൊരുക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. കരീപ്ര കൃഷിഭവൻെറ മാർഗനിർദേശമനുസരിച്ചാണ് കൃഷി.