Sun. Dec 22nd, 2024

നെട്ടൂർ ∙

വിധവകളായ 3 പെൺമക്കളെയും 3 വയസ്സുകാരി പേരക്കുട്ടിയേയും ചേർത്തു പിടിച്ച ആ അമ്മയുടെ നൊമ്പരം നാടേറ്റു വാങ്ങി. ബാങ്ക് ജപ്തി നേരിട്ടു തെരുവിലിറങ്ങേണ്ടി വന്ന നെട്ടൂർ കൊറ്റാടപ്പറമ്പിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ എംവി സതിയും കുടുംബവുമാണ് സുമനസ്സുകളുടെ കരുണയാൽ ജീവിതം തിരിച്ചു പിടിച്ചത്. ബാങ്കിലെ കടം വീട്ടി തിരിച്ചെടുത്ത സതിയുടെ വീടിന്റെ ആധാരം ഹൈബി ഈഡൻ എംപി സതിക്കു കൈമാറി.

ആൺമക്കളുടെ ഗുരുതര രോഗത്തിന്റെ ചികിത്സയ്ക്കായാണു സഹകരണ ബാങ്കിൽ നിന്ന് 5 ലക്ഷം രൂപ വായ്പയെടുത്തതെങ്കിലും കുടുംബം പോറ്റിയിരുന്ന 2 മക്കളും മരിച്ചു. ഇതോടെയാണ് സതിയും കുടുംബവും കടക്കെണിയിലായത്. മകളുടെ ഭർത്താവും ഇതിനിടെ മരിച്ചു.

തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴ പലിശയും നാൾക്കുനാൾ കൂടി 12 ലക്ഷത്തോളം രൂപയായി. ജപ്തി നോട്ടിസും വന്നു. പെൺമക്കൾ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.

നല്ലവരായ ഒരുപാടു പേർ ഇടപെട്ട് പലിശയും പിഴപ്പലിശയും അടക്കം 7 ലക്ഷത്തോളം രൂപ ഇളവ് ചെയ്തു കിട്ടുകയും ബാക്കി 5 ലക്ഷം രൂപ അടച്ചു തീർക്കുന്നതിന് മാർച്ച് 31 വരെ സമയം അനുവദിക്കുകയും ചെയ്തു. ബാങ്ക് ജപ്തി ഒഴിവാക്കാൻ 5 ദിവസം ഉള്ളപ്പോൾ നെട്ടൂർ– മാടവന ഫെയ്സ്ബുക് ഗ്രൂപ്പ് നേതൃത്വത്തിൽ നടത്തിയ ശ്രമം നാട്ടുകാർ ഒന്നടങ്കം ഏറ്റെടുക്കുകയും സമയ പരിധിക്കുള്ളിൽ തന്നെ പണം ബാങ്കിൽ അടയ്ക്കുകയും ചെയ്തു.

ബാങ്ക് വായ്പ ഇളവ് ചെയ്യാനും ആധാരം തിരിച്ചെടുക്കുന്നതിനും മുൻനിരയിൽ നിന്നത് മരട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ടിപി ആന്റണിയാണ്. ഗ്രൂപ്പ് അഡ്മിൻമാരായ ഷമീർ മംഗലക്കര, മാർട്ടിൻ ബെയ്സിൽ, സജിത് സാക്സൺ, ഡിവിഷൻ കൗൺസിലർ സീമാ ചന്ദ്രൻ എന്നിവരും നേതൃത്വം നൽകി.

By Rathi N