Wed. Jan 22nd, 2025

ആലങ്ങാട് ∙
ആലങ്ങാട് പൊലീസിന്റെ വാഹന പരിശോധനയിൽ ഇനി മുതൽ രസീതു ബുക്കും പേനയും കാർബൺ കോപ്പിയൊന്നുമില്ല. ഇ–പോസ് മെഷീൻ ഉപയോഗിച്ചു റോഡിലെ കുറ്റങ്ങൾക്ക് അവിടെ തന്നെ വച്ചു പിഴ ഈടാക്കും. കഴിഞ്ഞദിവസം മുതൽ മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധന ആലങ്ങാട് പൊലീസ് ആരംഭിച്ചു.

സിം കാർഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന മെഷീനിൽ വാഹനങ്ങളുടെ നമ്പർ അടിച്ചാൽ നിമിഷങ്ങൾക്കകം ആർസി ഉടമയുടെ പേര്, ചിത്രം, വാഹന സംബന്ധമായ മറ്റു വിവരങ്ങൾ, മുൻപു നടത്തിയ നിയമ ലംഘനങ്ങൾ എന്നിവ തെളിയും. നിയമലംഘനം നടത്തിയ ആൾക്ക് എടിഎം കാർഡ് ഉപയോഗിച്ചു അപ്പോൾ തന്നെ പിഴയടയ്ക്കാം.

അല്ലെങ്കിൽ ഓൺലൈനായി പിന്നീട് അടച്ചാലും മതി. ഓരോ നിയമ ലംഘനവും അതിനുള്ള പിഴയും മെഷീനിലുണ്ട്. അതനുസരിച്ചുള്ള ഡിജിറ്റൽ രസീത് ഉടൻ ലഭിക്കും.

നിയമ ലംഘനങ്ങൾ തുടർന്നാൽ ഉടമയുടെ ലൈസൻസ് റദ്ദാക്കാനുള്ള നിർദേശം മെഷീനിൽ നിന്നു മോട്ടർ വാഹന വകുപ്പിലേക്കു പോകും. പുതിയ സംവിധാനം പൊലീസിന് ആശ്വാസകരമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

By Rathi N