കൽപ്പറ്റ:
ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതികൾ ജില്ലയിൽ പുരോഗമിക്കുന്നു. കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ എന്നിവരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ച പ്രകാരമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. വിപുലമായ ക്യാമ്പയിനിലൂടെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടാതെ കുന്നുകളും വനവും നിറഞ്ഞ ജില്ലയിൽ വനഗ്രാമങ്ങളിലും ഉൾനാടുകളിലുമുള്ള കുട്ടികൾക്ക് ഇന്റർനെറ്റും ലഭ്യമല്ല. ഈ കുറവ് പരിഹരിക്കാൻ സർവീസ് പ്രൊവൈഡർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ട്.ജില്ലയിൽ ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിലുള്ളവരാണ്.
ഒന്ന് മുതൽ പ്ലസ്‌ടു വരെ ആകെ 23,000 ത്തോളം ആദിവാസി കുട്ടികളുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഇവർക്കെല്ലാം ലാപ്‌ടോപ്പോ, ടാബ് ലറ്റോ നൽകണമെന്നാണ് സർക്കാർ ലക്ഷ്യം. അതിനാൽ ഏതാണ്ട് മുഴുവൻ ആദിവാസി കുട്ടികളെയും ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.
മൊബൈൽ ഫോണില്ലാത്ത 12,000 ത്തിലധികം ആദിവാസി കുട്ടികളുണ്ടെന്ന് പിടിഎകളുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. എല്ലാ വീടുകളും സന്ദർശിച്ച് കൃത്യമായ കണക്ക് എടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പഞ്ചായത്ത്, വാർഡ് കൗൺസിലർ അധ്യക്ഷനായ സമിതി നേതൃത്വത്തിൽ വീണ്ടും സർവേ തുടങ്ങിയിട്ടുണ്ട്.15 നകം സർവേ പൂർത്തിയാക്കും.
സ്കൂൾ എടുത്ത കണക്ക് 19 നകം തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ക്രോഡീകരിക്കും. ഇതിന് നേതൃത്വം നൽകാൻ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ അടങ്ങിയ സമിതിയുണ്ടാകും. 21 നകം ജില്ലാതലത്തിൽ ഇവ ക്രോഡീകരിക്കും. പിന്നീട് സംസ്ഥാനതല സംവിധാനത്തിന് കൈമാറും. ജില്ലാതലത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ അധ്യക്ഷനും കലക്ടർ കൺവീനറുമായി സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകും.