Fri. Nov 22nd, 2024
തൊടുപുഴ:

ആകെപ്പാടെയുള്ളത്​ അഞ്ചുസൻെറ്​ സ്ഥലമാണ്​. പിന്നെ അതിലെങ്ങനെയാ മാലിന്യ സംസ്‌കരണവും വളമുണ്ടാക്കലുമൊക്കെ നടക്കുക. കുറച്ചുകൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ നോക്കാമായിരുന്നു.

ഇതൊക്കെ പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ചെള്ളല്‍ കോളനിക്കാരോടാണ് പറയുന്നതെങ്കില്‍ അവര്‍ സമ്മതിക്കില്ല, കാരണം നാല് സൻെറുകാരായ ഈ കോളനിവാസികളെല്ലാം വീടുകളിലെ ഭക്ഷണാവശിഷ്​ടവും മറ്റും സംസ്‌കരിച്ച് നല്ല വളമുണ്ടാക്കുന്നവരാണ്. ഇവിടുത്തെ താമസക്കാരിയും ഹരിതകര്‍മ സേനാംഗവുമായ പൊട്ടന്‍പ്ലാക്കല്‍ ബിജിമോളാകട്ടെ ജൈവവളം വിൽക്കാനും തുടങ്ങി.

സ്ഥലസൗകര്യത്തിലൊന്നും ഒരു കാര്യവുമില്ലെന്നാണ് കോളനിക്കാരുടെ പക്ഷം. 35 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ കോളനി. ഉപയോഗിച്ചശേഷം വലിച്ചെറിയുകയായിരുന്നു ഇവിടെയും ശീലം. എന്നാൽ, ഇന്ന് വൃത്തിയുടെ കോളനിയായി മാറിയിരിക്കുകയാണ് ചെള്ളല്‍. പരിസരത്തൊന്നും വലിച്ചെറിഞ്ഞ നിലയില്‍ ഒന്നും കാണാനില്ല. പ്ലാസ്​റ്റിക്കും മറ്റും ഹരിതകര്‍മസേനക്ക്​ നല്‍കും.

യൂസര്‍ഫീയും കൃത്യമായി കൊടുക്കും. ഭക്ഷണമാലിന്യം ഉൾപ്പെടെ ബയോപോട്ടുപയോഗിച്ച് മികച്ച വളമാക്കും. വാര്‍ഡ്​ അംഗം സിനി ജസ്​റ്റിനാണ്​ വാര്‍ഡിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനമെത്തിച്ചത്.

പി ജെ ജോസഫ് എം എൽ എ ഇടപെട്ടായിരുന്നു ബയോപോട്ടുകള്‍ സൗജന്യമായി നല്‍കിയത്. ബയോപോട്ടുകളിലിടുന്ന ജൈവ മാലിന്യം സാധാരണനിലയില്‍ 35 ദിവസം കൊണ്ട് നല്ല വളമായി മാറും. ഇവയുടെ ഗുണനിലവാരം അതിശയപ്പെടുത്തുന്നതായി ബിജിമോള്‍ പറയുന്നു. പച്ചക്കറിക്ക​ും മറ്റ് കൃഷികള്‍ക്കുമൊക്കെയിട്ടപ്പോള്‍ വളര്‍ച്ച ശരവേഗത്തിലായി.

ഉപയോഗശേഷം മിച്ചംവന്ന 30 കിലോയോളം വളം കിലോക്ക്​ 30 രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ചതി​ൻെറ സന്തോഷത്തിലാണ് ബിജി. വെറുതെ വലിച്ചെറിയാതെയിരുന്നാല്‍ എല്ലാ മാലിന്യവും പണമാണെന്നാണ് ബിജിമോളുടെ നിലപാട്.

By Divya