Wed. Jan 22nd, 2025

എടത്വ ∙

എടത്വ ഇക്കരവീട്ടിൽ എവിജോസഫിനു 92 വയസ്സാകാറായി. ആറു പതിറ്റാണ്ടു മുൻപു തന്നോടൊപ്പം കൂടിയ ജീവിതപങ്കാളി അന്നമ്മ ജോസഫിനെയും (78) ഓട്ടിസം ബാധിച്ച് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത മകൻ ജോൺ സി ജോസഫിനെയും (42) കൊണ്ടുള്ള അലച്ചിലിന് അറുതിയുണ്ടാകണം. സ്വന്തമായി ചെറിയൊരു കൂര അതാണ് ഏക ആഗ്രഹം.

ഏഴാം വയസ്സിൽ തുടങ്ങിയതാണ് ജോസഫിന്റെ കഷ്ടപ്പാട്. സോഡാ ഫാക്ടറിയിൽ സോഡ നിറയ്ക്കൽ ആയിരുന്നു ജോലി. 70 വർഷം മുൻപ് മധുരയിലേക്കു പോയ ജോസഫ് അവിടെ കണ്ടുമുട്ടിയ സുഹൃത്തിനൊപ്പം പാതയോരത്ത് ഉപ്പേരിക്കച്ചവടം ആരംഭിച്ചു.

തരക്കേടില്ലാതെ ജീവിതം ആരംഭിച്ചെങ്കിലും 29 ദിവസം മസ്തിഷ്കജ്വരം ബാധിച്ച് ഐസിയുവിൽ കഴിയേണ്ടിവന്നതോടെ എല്ലാം തകർന്നു. സുഖം പ്രാപിച്ച് പുറത്തെത്തിയപ്പോൾ സുഹൃത്ത് ചതിച്ചു. ഉള്ളതെല്ലാം നഷ്ടമായി.

വർഷങ്ങൾക്കു ശേഷം നാട്ടിലെത്തിയപ്പോൾ മറ്റു ജോലികളൊന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. വാടകവീടുകളിൽ മാറിമാറി താമസിച്ചു. വാടക കൊടുക്കാൻ കഴിയാതെ വരുമ്പോൾ ഇറക്കിവിടും. 7 വർഷം മുൻപ് ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കി ഒരാൾ ചെറിയ വാടകവീട് തരപ്പെടുത്തിക്കൊടുത്തു.

ഇപ്പോൾ വീട്ടുടമയുടെ കാരുണ്യം കൊണ്ടു മാത്രമാണു കഴിയുന്നത്. ആ വീടാകട്ടെ, തകർന്നു വീഴാറായ സ്ഥിതിയിലാണ്. മൂന്നുപേർക്കും ആകെയുള്ള വരുമാനം ക്ഷേമപെൻഷൻ മാത്രം. ഇതു ചികിത്സയ്ക്കു പോലും തികയില്ല.

വീടിന് അപേക്ഷയുമായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. ഇപ്പോൾ അതിനും ആരോഗ്യം അനുവദിക്കുന്നില്ല. സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണു കുടുംബം.

By Rathi N