Mon. Dec 23rd, 2024

പാലപ്പിള്ളി:

ചിമ്മിനിഡാം റോഡിൽ കാട്ടാനകൾ കൂട്ടമായി റോഡുമുറിച്ചുകടക്കാൻ എത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂർ. വ്യാഴാഴ്ച വൈകിട്ട് എച്ചിപ്പാറയ്ക്കു സമീപമാണ് 17 കാട്ടാനകൾ റോഡ് മുറിച്ചുകടന്നത്. കാത്തുനിൽക്കേണ്ടി വന്നെങ്കിലും നാട്ടുകാർക്കും യാത്രക്കാർക്കും കാഴ്ചയുടെ വിരുന്നായിരുന്നു ആനക്കൂട്ടത്തിന്റെ യാത്ര.

കുട്ടിയാന നടുറോഡിൽ കുസൃതി കാട്ടിയാണു മടങ്ങിയത്. വനത്തിൽ നിന്നു മലഞ്ചെരുവിലെത്തി വെള്ളം കുടിക്കുന്നതിനാണു റോഡ് മറികടന്ന് ആനത്താരകളിൽ കൂടിയുള്ള ഇവരുടെ യാത്ര. മുൻപ് 35 ആനകൾ വരെ ഇവിടെ കൂട്ടമായി ഇറങ്ങുന്നത് പതിവുണ്ടായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ കാട്ടാനകൾ കൂട്ടമായി വനാതിർത്തികളിൽ തമ്പടിച്ചിരുന്നു. 2 മാസം മുൻപ് പാലപ്പിള്ളി ജനവാസ മേഖലയിലൂടെ ആനകൾ ഓടിനടന്നതു വീട്ടുകാരിലും തോട്ടം തൊഴിലാളികളിലും ഭീതിയുണ്ടാക്കിയിരുന്നു.

By Rathi N