Wed. Jan 22nd, 2025
കട്ടപ്പന:

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പൂർത്തിയാക്കിയ നഗരത്തിലെ മിനി സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും ഇവിടേക്കുള്ള റോഡുകൾ ചെളിക്കുണ്ടായി കിടക്കുന്നു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ ഐടിഐ ജംക്‌ഷനു സമീപമാണ് സിവിൽ സ്റ്റേഷൻ. പ്രധാന റോഡിൽ നിന്ന് കുത്തനെയുള്ള കയറ്റം കയറിയാണ് ഇവിടേക്ക് എത്തേണ്ടത്.

എന്നാൽ, 2 വശങ്ങളിലൂടെയുമുള്ള മണ്ണ് റോഡുകൾ ഗതാഗത യോഗ്യമാക്കിയിട്ടില്ല. കല്ലുകൾ നിറഞ്ഞ് കുണ്ടും കുഴിയുമായ മണ്ണ് റോഡ് മഴ പെയ്തതോടെ ചെളിക്കുണ്ടായി മാറി. സിവിൽ സ്‌റ്റേഷനിലേക്ക് വരുന്നവർക്ക് വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മഴവെള്ളം കുത്തിയൊലിച്ച് ഓട തിരിഞ്ഞു കിടക്കുന്നതിനാൽ വാഹനങ്ങളുടെ അടിവശം തറയിൽ തട്ടി കേടുപാടുകൾ സംഭവിക്കുന്നു.

റോഡിൽ ചെളി നിറഞ്ഞതിനാൽ ടയർ തെന്നി വാഹനങ്ങൾ വലിച്ച് വശങ്ങളിലേക്ക് മാറുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. സബ് റജിസ്ട്രാർ ഓഫിസ്, എഇഒ-ഡിഇഒ ഓഫിസുകൾ, എക്സൈസ് ഓഫിസ് എന്നിവയാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. 2014ൽ നിർമാണം ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ ജോലി ഇഴഞ്ഞാണ് നീങ്ങിയത്. 7 കോടി രൂപ ഉപയോഗിച്ചായിരുന്നു നിർമാണം.

7 നില കെട്ടിടം പണിയാനുള്ള അടിത്തറയാണ് ഒരുക്കിയിട്ടുള്ളതെങ്കിലും നിലവിൽ 3 നിലകളാണ് നിർമിച്ചിട്ടുള്ളത്. 2019 ഡിസംബർ 10ന് സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തെങ്കിലും വൈദ്യുതി കണക്‌ഷൻ ലഭ്യമാകാൻ വൈകിയതിനെ തുടർന്ന് 5 മാസത്തിനു ശേഷമാണ് ഓഫിസുകൾ ഇവിടേക്ക് മാറ്റാനായത്.

TAGS:

By Divya