കൊച്ചി:
അപൂർവ ജനിതകരോഗം ബാധിച്ച പി ആൻഡ് ടി കോളനിയിലെ എട്ടുവയസ്സുകാരന്റെ സംരക്ഷണത്തിന് മുൻകൈയെടുക്കാൻ കൊച്ചി കോർപറേഷൻ. സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിതനായ കുട്ടിക്ക് 18 കോടി രൂപ വിലവരുന്ന മരുന്നാണ് ചികിത്സയ്‌ക്ക് ആവശ്യമായുള്ളത്. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷിനൊപ്പം മേയർ എം അനിൽകുമാർ കോളനിയിലെത്തി വെള്ളിയാഴ്‌ച കുട്ടിയുടെ വീട് സന്ദർശിച്ചു.
കോട്ടയത്ത് മെഴുകുതിരി കമ്പനിയിലായിരുന്നു കുട്ടിയുടെ അച്ഛന് ജോലി. കോവിഡ് പ്രതിസന്ധിമൂലം അച്ഛന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ താമസിച്ച വാടകവീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്നു. കുട്ടിയുടെ അമ്മൂമ്മ ഓമനയാണ് പി ആൻഡ് ടി കോളനിയിലേക്ക് ഇവരെ കൊണ്ടുവരുന്നത്.
വീട്ടിൽ അമ്മൂമ്മയെ കൂടാതെ മറ്റൊരു മകനും കുടുംബവും താമസമുണ്ട്. മഴക്കാലത്ത് വെള്ളം കയറുന്ന കോളനിയിലെ വീട്ടിൽ താമസിക്കാൻ പറ്റിയ ആരോഗ്യസ്ഥിതിയല്ല കുട്ടിയുടേത്. കേന്ദ്രീയ വിദ്യാലയയിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പഠനസൗകര്യമില്ലാത്ത പ്രശ്നവും ശ്രദ്ധയിൽപ്പെട്ടു.
മേയറുടെ അഭ്യർഥന മാനിച്ച് കോർപറേഷനിലെ ജീവനക്കാരുടെ സംഘടനയായ കെഎംസിഎസ്‌യു കൊച്ചി യൂണിറ്റ് പഠനാവശ്യത്തിനുള്ള ടാബ് വാങ്ങി നൽകി. കോളനിയിലെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിയുടെ കുടുംബത്തിന് നഗരസഭ വീടുവച്ച് നൽകും. പുനരധിവാസം സാധ്യമാകുംവരെ കുട്ടിക്കും കുടുംബത്തിനും മറ്റൊരു വീട്ടിൽ കഴിയുന്നതിനുള്ള വാടകയും കെഎംസിഎസ്‌യു നൽകാമെന്നേറ്റു.
സമാന രോഗമുള്ള മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്കായി ഇതേ മരുന്നിന്റെ ഇറക്കുമതി തീരുവ ഒഴിവാക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തി സഹായം തേടുമെന്ന് മേയർ അറിയിച്ചു. ഭാരിച്ച ചികിത്സാച്ചെലവിനുള്ള തുകയ്‌ക്കായി എല്ലാ സുമനസ്സുകളുടെയും സഹായം അഭ്യർഥിക്കുന്നതായും മേയർ പറഞ്ഞു.