Fri. Nov 22nd, 2024

അമ്പലവയൽ:

തവണ വ്യവസ്ഥയിൽ  പണമടച്ചാൽ ഗൃഹോപകരണവും മെ‍ാബൈലും നൽകാമെന്ന വാഗ്ദാനവുമായി വീടുകളിലെത്തി  പണം തട്ടിയെടുക്കൽ  വ്യാപകമാകുന്നു.  ആദ്യ തവണത്തെ പണം കൈപ്പറ്റി മുങ്ങുന്നതാണ് ഇവരുടെ രീതി. പണം നൽകിയവർ ബന്ധപ്പെട്ടാൽ അസഭ്യമാണ് മറുപടിയായി ലഭിക്കുക. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട 2 പരാതികളാണു ജില്ലയിൽ പെ‍ാലീസിന് ലഭിച്ചത്.

പണം പോയെങ്കിൽ പോട്ടെ, നാണം കെടേണ്ടല്ലോ എന്നുകരുതി പരാതിപ്പെടാത്തവരുമുണ്ട്. ആദ്യ ഗഡു അടച്ചാൽ അടുത്ത ദിവസം തന്നെ ഗൃഹോപകരണം എത്തിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങുന്നത്. പതിനായിരക്കണക്കിനു രൂപ ജില്ലയിൽനിന്നു തട്ടിപ്പുകാർ കവർന്നെന്നാണു വിവരം. ലോക്ഡൗൺ  മുതലെടുത്ത് കൊള്ളപ്പലിശ സംഘങ്ങളും ഗ്രാമപ്രദേശങ്ങളിൽ സജീവമാകുകയാണ്. 

കൊവിഡ് പ്രതിസന്ധി മുൻനിർത്തിയാണ് ഇത്തരം തട്ടിപ്പുകാരുടെ  രംഗപ്രവേശം. ആളുകൾക്ക് സാധനങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ പോയി വാങ്ങാൻ കഴിയാത്തത് മുതലെടുത്താണ് ഇവർ വീടുകളിലേക്ക് എത്തുന്നത്.  ഓൺലൈൻ ക്ലാസിന്  മൊബൈൽ ഫോൺ ഇല്ലാതെ വലയുന്ന നിർധന വിദ്യാർത്ഥികളെയും വീട്ടമ്മമാരെയും കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. മെ‍ാബൈൽ ഫോൺ വാങ്ങിയിട്ട് തവണകളായി  പണം അടച്ചാൽ മതിയെന്ന് പറഞ്ഞാണ് പ്രലോഭിപ്പിക്കുന്നത്.

ഓൺലൈൻ വിപണന സൈറ്റുകളിൽ നിന്നു മുൻകൂട്ടി എടുത്തുവച്ച ഗൃഹോപകരണങ്ങളുടെ ചിത്രങ്ങൾ കാണിച്ച്  അടുത്ത ദിവസം ഡെലിവറി ചെയ്യുമെന്ന വ്യാജേന വീടുകളിൽ കയറും. തുടർന്ന് വീട്ടുകാർ തിരഞ്ഞെടുക്കുന്ന  ഉപകരണങ്ങളുടെ വില പറഞ്ഞ് 10 ശതമാനം തുക ആദ്യം കൈക്കലാക്കും. ബാക്കി തവണ വ്യവസ്ഥയിൽ അടച്ചു തീർത്താൽ മതിയെന്നതാണ് നിബന്ധന.