കരുനാഗപ്പള്ളി:
വിശക്കുന്നവർക്ക് അന്നം നൽകുക എന്ന ലക്ഷ്യത്തോടെ 4 യുവാക്കൾ കൂട്ടായി ആരംഭിച്ച നന്മ വണ്ടിയുടെ പ്രാതൽ വിതരണം ഇന്ന് നൂറ്റിയമ്പത് ദിവസം പൂർത്തിയാക്കുന്നു. പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ, മാനസികാരോഗ്യ പ്രശ്നങ്ങളാൽ ഊരു ചുറ്റുന്നവർ, ഓച്ചിറ ബസ് സ്റ്റാൻഡ് പരിസരത്ത് തമ്പടിച്ചവർ, കോവിഡ് ബാധിതർ ,സന്നദ്ധ പ്രവർത്തകർ എന്നിവർക്കാണു പ്രാതൽ നൽകുന്നത്.
അരിപ്പത്തിരി, ഇടിയപ്പം, ദോശ, തുടങ്ങിയ വിഭവങ്ങളാണ് നൽകുന്നത്. രാവിലെ 7 മുതൽ 8 മണി വരെയാണു വിതരണം. ദിവസം എഴുപതോളം പേർക്ക് പ്രാതൽ നൽകുന്നു.
കരുനാഗപ്പള്ളി നഗരസഭ ജീവനക്കാരൻ ബിജു മുഹമ്മദ്, ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ ഷുക്കൂർ , ചെറുകിട വ്യവസായി തൊടിയൂർ സന്തോഷ്, സ്റ്റുഡിയോ ഉടമ ഹാരീസ് ഹാരി എന്നിവരുടെ മനസ്സിൽ രൂപപ്പെട്ട ആശയമായിരുന്നു നൻമ വണ്ടി. ഇവരുടെ വരുമാനത്തിന്റെ വിഹിതം ഉപയോഗിച്ചാണു പദ്ധതി ആരംഭിച്ചത്.
സമൂഹ മാധ്യമത്തിലൂടെ നൻമ വണ്ടിയുടെ പ്രവർത്തനം അറിഞ്ഞവർ ജന്മദിന, വിവാഹ വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ഭക്ഷണം സ്പോൺസർ ചെയ്യുന്നുണ്ട്.