Wed. Nov 6th, 2024

കൊച്ചി:

മണിക്കൂറിൽ പതിനായിരക്കണക്കിന്‌ വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്കിന്‌ ‌ ശാശ്വത പരിഹാരം കാണാനുള്ള മാർഗവുമായി എൽഡിഎഫ്‌ സർക്കാർ. താൽക്കാലികമായും ദീർഘകാലത്തേക്കുമുള്ള പദ്ധതികളാണ്‌ ആസൂത്രണം ചെയ്യുന്നത്‌‌.

എല്ലാ ജനപ്രതിനിധികളും വകുപ്പുകളും ഇതിനായി ഒരേ മസസ്സോടെ ഇറങ്ങാൻ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വൈറ്റിലയിലെ ഗതാഗതം സുഗമമാക്കാൻ മന്ത്രി മുഹമ്മദ്‌ റിയാസ്‌ മുൻകൈയെടുത്ത്‌ നടത്തിയ ചർച്ചകളുടെ തുടർച്ചയായിരുന്നു യോഗം. പൊതുമരാമത്തുവകുപ്പും ദേശീയപാത അതോറിറ്റിയും ട്രാഫിക് പൊലീസും സംയുക്തമായി തയ്യാറാക്കിയ രണ്ടു പരിഹാരമാർഗങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.

ദീർഘകാല പദ്ധതിക്കായി രണ്ടേക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇതിനു വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. തുടർന്ന്‌ വിശദ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി വകുപ്പുമന്ത്രിമാർക്ക്‌ കൈമാറും.

ഇതിന്റെ തുടർപ്രവർത്തനം സ്ഥിരമായി അവലോകനം ചെയ്യുന്നതിന്‌ കോ–ഓർഡിനേഷൻ കമ്മിറ്റിയുണ്ടാക്കാനും തീരുമാനിച്ചു. ദീർഘകാല പദ്ധതിയെക്കുറിച്ച്‌ ദേശീയപാത അതോറിറ്റി പരിശോധന നടത്തും. ഹ്രസ്വകാല പദ്ധതിയുമായി ബന്ധപ്പെട്ട് വിശദപഠനം നടത്താൻ വൈറ്റില പ്രദേശത്തെ അഞ്ച്‌ കൗൺസിലർമാരെയും ട്രാഫിക് പൊലീസിനെയും മറ്റ് വകുപ്പുകളെയും സംയുക്തമായി യോഗം ചുമതലപ്പെടുത്തി.

ട്രാഫിക് സിഗ്നലിങ്‌ സിസ്റ്റം മാറ്റാൻ ദേശീയപാത അതോറിറ്റിക്ക്‌ കത്ത് നൽകുമെന്നും സിസ്റ്റത്തിൽ മാറ്റം വരുത്തുമെന്നും മേയർ എം അനിൽകുമാർ പറഞ്ഞു. ഇതിനായി കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡിന്റെയും സഹായം തേടും. ഹ്രസ്വകാലത്തേക്കുള്ള പരിഹാരമെന്ന നിലയിൽ ട്രാഫിക് ഐലൻഡുകളിലെ കുറെയധികംഭാഗം പൊളിച്ചുമാറ്റണമെന്നാണ് പൊലീസ് റിപ്പോർട്ട്.

പുതിയ ബസ് സ്റ്റോപ്പുകളിലും ട്രാഫിക് സിഗ്നൽ സംവിധാനത്തിലും മാറ്റംവരുത്താൻ പൊതുമരാമത്തുവകുപ്പിൽനിന്നും കേരള റോഡ് ഫണ്ട് ബോർഡിൽനിന്നും അനുമതി തേടുമെന്നും മേയർ അറിയിച്ചു.

By Rathi N