Mon. Dec 23rd, 2024

തൃപ്പൂണിത്തുറ:

10 രൂപയ്ക്ക് 4 ഇഡ്ഡലിയും സാമ്പാറും, അല്ലെങ്കിൽ 3 ചപ്പാത്തി, കറി, അടുത്ത ദിവസം 3 ദോശയും സാമ്പാറും… ഇതു പോരെയളിയാ… ആരായാലും പറഞ്ഞു പോകും. തെക്കുംഭാഗം വെള്ളക്കിനാക്കൽ വാർഡ് കൗൺസിലർ പിഎൽ ബാബുവും സംഘവും കഴിഞ്ഞ ലോക്ഡൗണിൽ തുടങ്ങിയ ‘അന്നപൂർണ 10 രൂപയ്ക്ക് പ്രാതൽ’ എന്ന പദ്ധതി വൻ വിജയമായിക്കഴിഞ്ഞു.

ലോക്ഡൗൺ സാഹചര്യത്തിൽ ഭക്ഷണ ദൗർലഭ്യം അനുഭവപ്പെടുന്നവർക്കായി തുടങ്ങിയതാണ് പദ്ധതി. രാവിലെ 4 മണിക്ക് വാർഡിലെ ഒരു കൂട്ടം സ്ത്രീകളെത്തി ഭക്ഷണം ഉണ്ടാക്കും. 6ന് പായ്ക്ക് ചെയ്യാൻ മറ്റൊരു ടീം എത്തും.

പായ്ക്ക് ചെയ്ത ഭക്ഷണം ആളുകൾക്ക് എത്തിക്കാൻ അടുത്ത ടീം റെഡിയാകുക ഏഴ് മണിക്കാണ്. 200 പേർക്കു ദിവസേന പ്രഭാത ഭക്ഷണം 10 രൂപയ്ക്ക് നൽകുന്നു. 25 പേർക്ക് സൗജന്യമായും നൽകുന്നുണ്ട്.

വെള്ളക്കിനാക്കൽ ക്ഷേത്രത്തിനു സമീപമുള്ള കൗണ്ടറിലാണു പ്രധാന വിൽപന. ലോക്ഡൗൺ കാരണം ആരും പട്ടിണി കിടക്കരുത് എന്ന വിചാരമാണ് 10 രൂപയ്ക്ക് പ്രാതൽ എന്ന പദ്ധതി തുടങ്ങാൻ കാരണമായത്. പറ്റാവുന്നത്ര നാൾ പദ്ധതി മുൻപോട്ട് കൊണ്ടുപോകാൻ പരിശ്രമിക്കും’’ – പിഎൽ ബാബു, കൗൺസിലർ, വെള്ളക്കിനാക്കൽ വാർഡ് തൃപ്പൂണിത്തുറ.

By Rathi N