നെടുംകുന്നം:
രോഗിക്ക് മരുന്നുവാങ്ങാൻ ലോക്ഡൗൺ ദിവസം പുറത്തിറങ്ങിയ ജാഗ്രതാ സമിതി പ്രവർത്തകന് പൊലീസ് 2000 രൂപ പിഴ ചുമത്തിയതായി പരാതി. നെടുംകുന്നം വട്ടക്കാവുങ്കൽ വി എം ആനന്ദിനാണ് കോടതിയിൽനിന്ന് സമൻസ് കിട്ടിയത്.
പഞ്ചായത്ത് ഏഴാം വാർഡിലെ ജാഗ്രതാ സമിതി പ്രവർത്തകനായ ആനന്ദ് ജൂണിലെ ശനിയാഴ്ച ദിവസമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നിർദേശപ്രകാരം മുണ്ടുമല കോളനിയിലെ ഹൃദ്രോഗിക്ക് മരുന്ന് വാങ്ങാൻ ബൈക്കിൽ കറുകച്ചാലിലെത്തിയത്. ജോലിയിലുണ്ടായിരുന്ന പൊലീസ് സംഘം ബൈക്ക് തടഞ്ഞുനിർത്തുകയും ലോക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് പിഴ ചുമത്തിയെന്നുമാണ് ഇയാൾ പറയുന്നത്.
ജാഗ്രതാ സമിതിയുടെ തിരിച്ചറിയൽ കാർഡ് കാണിച്ച് കാര്യം പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്നും 500 രൂപ അടച്ചാൽ ഉടൻ പോകാമെന്നും പറഞ്ഞു. എന്നാൽ, 500 രൂപ നൽകിയാൽ മരുന്നിന് തികയില്ലെന്ന് പറഞ്ഞതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെന്നാണ് ആനന്ദ് പറയുന്നത്.
കോടതിയിൽനിന്ന് സമൻസ് കിട്ടിയ കാര്യം കറുകച്ചാൽ പൊലീസ് തന്നെയാണ് വിളിച്ച് പറഞ്ഞതെന്നും ആനന്ദ് പറഞ്ഞു.