Wed. Jan 22nd, 2025

ബത്തേരി:

സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾ കണ്ടെയ്ൻമെന്റ് സോണിൻറെ പേരിൽ പൊലീസ് തടഞ്ഞത് യാത്രക്കാരെ കുരുക്കിലാക്കി. ബത്തേരി- താളൂർ റൂട്ടിലും ബത്തേരി-നമ്പ്യാർകുന്ന് റൂട്ടിലുമാണ് ജനംവലഞ്ഞത്. രാവിലെ 11 വരെ ഓടിയ ബസുകൾ പൊടുന്നനെ ഇല്ലാതായതോടെ പലയിടങ്ങളിലേക്ക് യാത്ര പോയവർ തിരിച്ചെത്താനാകാതെ കുടുങ്ങി.

ഒടുവിൽ നെൻമേനി പഞ്ചായത്ത് അധികൃതർ ഇടപെട്ട് ബസുകൾ നിരത്തിലിറക്കിപ്പിച്ചു. ടിപിആർ 10 ശതമാനത്തിൽ കൂടിയതിനാൽ നെൻമേനി പഞ്ചായത്ത് ഇന്നലെ മുതൽ ‘സി’ കാറ്റഗറിയിലാണ്. ഇന്നലെ രാവിലെ ബത്തേരി താളൂർ റൂട്ടിലും നമ്പ്യാർകുന്ന് റൂട്ടിലും ബസുകൾ സർവീസ് നടത്തിയിരുന്നു. താളൂർ റൂട്ടിൽ 8 ബസുകളാണ് ഓടിയിരുന്നത്. കെഎസ്ആർടിസിയും ഓടിയിരുന്നു.

എന്നാൽ 11 മണിയോടെ നൂൽപുഴ, അമ്പലവയൽ പൊലീസ് അധികൃതർ സർവീസുകൾ തടഞ്ഞു. കണ്ടെയ്ൻമെന്റ് ആയതിനാൽ ഓടാൻ പാടില്ലെന്ന് നിർദേശം നൽകി. രണ്ടു ബസുകൾക്ക് 500 രൂപ വീതം പിഴയുമിട്ടു. സർവീസ് പാടില്ലെന്ന നിർദേശം വന്നതോടെ ബസുകളെല്ലാം ഓട്ടം നിർത്തി. എന്നാൽ രാവിലെ ബത്തേരിയിലേക്കെത്തിയ വിദ്യാർത്ഥികളടക്കമുള്ളവർക്ക് തിരികെ പോകാൻ മാർഗമില്ലാതായി.

നൂറിലധികം പേർ ബത്തേരി ബസ് സ്റ്റാൻഡിൽ യാത്രാവാഹനമില്ലാതെ കുടുങ്ങി. യാത്രക്കാർ ബഹളം വച്ചു തുടങ്ങിയതോടെ നെൻമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിലിൻറെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ബസ് അധികൃതരുമായി ചർച്ച നടത്തി ബസുകൾ നിരത്തിലിറക്കി. രണ്ട് സ്വകാര്യ ബസുകളാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ സർവീസ് നടത്തിയത്. അവശ്യസാധന കടകൾക്ക് മാത്രമാണ് പഞ്ചായത്തിൽ തുറക്കാൻ അനുമതിയുള്ളതെന്നിരിക്കെ ഇന്ന് ബസ് സർവീസുകൾ അനുവദിച്ചേക്കില്ല.