Thu. Dec 19th, 2024
കുമ്പനാട്:

ലോക് ഡൗൺ കാലം പ്രകൃതിക്ക് നൽകിയ മാലിന്യം കുറഞ്ഞ അന്തരീക്ഷത്തിൽ മയിലുകൾ പറന്നിറങ്ങുമ്പോൾ അത് പലയിടത്തും വിസ്മയ കാഴ്ചയായിരുന്നു. എന്നാൽ ഇത് നാല് മയിലുകൾ ഒന്നിച്ച് പറന്നിറങ്ങിയ കഥയാണ്. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ കുമ്പനാട് തൈപറമ്പിൽ ജോൺ കെ മാത്യുവിന്റെ വീട്ടുമുറ്റത്താണ് മയിലുകൾ സ്വതന്ത്ര വിഹാരം നടത്തുന്നത്.

വീടിനോട് ചേർന്നുള്ള സ്ഥലത്തുള്ള റമ്പുട്ടാൻ, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങൾ നൽകുന്ന ഭക്ഷ്യ വിശാലതയാകാം മയിലുകൾ സ്ഥിര വാസം ഉറപ്പിക്കാൻ കാരണമെന്ന് കരുതുന്നു.
പച്ചക്കറി തോട്ടത്തിലെ പയറ് തിന്നാൻ വരുന്ന തത്തയും കരിയിലക്കിളിയുമെല്ലാം കലപില കൂട്ടുന്നതിനിടയിൽ സൂപ്പർ സ്റ്റാറായി എത്തിയ മയിലുകളെയും വീട്ടുകാർ ആട്ടി ഓടിച്ചില്ല.

ആദ്യം ഒരു മയിൽ മുറ്റത്ത് നടക്കുന്നത് കണ്ട് അതിന് അരി ഇട്ടു കൊടുത്തു. പിന്നീട് മൂന്ന് മയിലുകൾ കൂടി ചേർന്ന് നാൽവർ സംഘം വീടിനും ചുറ്റും നിലയുറപ്പിച്ചു. വീട്ടുമുറ്റത്ത് വന്ന് മയിൽ അരി കൊത്തിത്തിന്നുമെന്നു കരുതിയില്ലെന്ന് ജോൺ കെ മാത്യു പറയുന്നു. ദിവസവും അരി തിന്നാൽ മയിലുകൾ ഹാജരാണ്.

അന്തി മയങ്ങിയാൽ റമ്പുട്ടാൻ മരത്തിൽ കയറും. റമ്പുട്ടാൻ പഴങ്ങൾ കൊത്തുന്നതിനിടയിൽ പഴം താഴെ വീഴുന്ന ശബ്ദവും കേൾക്കാം. വലയിട്ട് വിലക്ക് കൽപ്പിക്കാത്ത റമ്പുട്ടാൻ മരത്തിൽ മയിലുകൾക്ക് സ്വാതന്ത്ര്യമാണ്.

കോവിഡ് പൂട്ടിൽ പെട്ടുപോയ മനുഷ്യർക്ക് മുൻപിൽ പൂട്ടില്ലാത്ത മയിലുകൾ അതിവേഗമാണ് താരമായത്. മയിലുകളുടെ വിവരം സുഹൃത്തുക്കളും മറ്റും അന്വേഷിക്കാൻ തുടങ്ങിയതോടെ സമൂഹമാധ്യമത്തിൽ ജോൺ കെ മാത്യു പങ്കുവച്ചു.

By Divya