Mon. Dec 23rd, 2024

കോഴിക്കോട്:
 
അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്‌  കെഎസ്ആർടിസി  ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം പുതുപാതയിലേക്ക്‌.വാണിജ്യ സമുച്ചയ നടത്തിപ്പിന്‌ സ്വകാര്യ കമ്പനിയുമായി ടെൻഡറായി. ആലിഫ്  ബിൽഡേഴ്‌സ്  എന്ന കമ്പനിക്കാണ്‌   30 വർഷത്തേക്ക് സമുച്ചയത്തിൻറെ നടത്തിപ്പ്‌.

ആഗസ്‌ത്‌ 26ന്‌ ധാരണാ പത്രം ഒപ്പുവച്ച്‌ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആൻറണി രാജു തുറന്നുകൊടുക്കും. സര്‍ക്കാരിൻറെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. 2015 ൽ ഉദ്‌ഘാടനം കഴിഞ്ഞ കോംപ്ലക്‌സിന്റെ നടത്തിപ്പിനായി ആ വർഷം മുതൽ തന്നെ ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ടു വന്നിരുന്നില്ല. 

മാക്‌ അസോസിയേറ്റ്‌സ്‌ എന്ന സ്ഥാപനവുമായുള്ള ആദ്യ കരാർ ഹൈക്കോടതി  റദ്ദാക്കിയിരുന്നു. പിന്നീട്‌  നാലുവർഷത്തിനു ശേഷം നടന്ന ഇ-ടെൻഡറിൽ ഉയർന്ന തുക വാഗ്‌ദാനം ചെയ്‌തത്‌ ആലിഫ് ബിൽഡേഴ്‌സായിരുന്നു. തുടർ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്‌ മന്ത്രി പി  എ മുഹമ്മദ്‌ റിയാസും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും  ഗതാഗത മന്ത്രി ആൻറണി രാജുവിനെ സമീപിച്ചിരുന്നു.

നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.2 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു വഴി കെട്ടിടം നിർമിച്ച   കെടിഡിഎഫ്‌സിക്ക്‌  30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കും. ബസ് ടെർമിനൽ കോംപ്ലക്സിൽ യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. മന്ത്രി ആൻറണി രാജുവിനോട്‌ ഏറെ നന്ദിയുണ്ടെന്നും  ജില്ലക്കാകെ ഉണർവുണ്ടാകുന്ന നടപടിയാണ്‌ ഉണ്ടായതെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഫേസ്‌ബുക്കിൽ കുറിച്ചു.

നാലു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 3.22 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ  കടകൾ, ഓഫീസുകൾ, സൂപ്പർ മാർക്കറ്റ്‌ എന്നിവക്കെല്ലാം സൗകര്യമുണ്ട്‌.  74.63 കോടി ചെലവില്‍ നിര്‍മിച്ച കോംപ്ലക്സില്‍ 11 ലിഫ്റ്റുകളും 2 എസ്കലേറ്ററുകളുമാണുള്ളത്. സമുച്ചയത്തോടു ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരുചക്ര വാഹനങ്ങള്‍ക്കും 40 ബസ്സുകള്‍ക്കും പാര്‍ക്കിങ്‌ സൗകര്യമുണ്ട്.