ആലുവ∙
താലൂക്കു തലത്തിലുള്ള 13 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന ആലുവ മിനി സിവിൽ സ്റ്റേഷനിലേക്കു പോകുന്നവർ 2 സാധനങ്ങൾ കയ്യിൽ കരുതണം. പട്ടിയെ ഓടിക്കാൻ വടിയും മൂക്കു പൊത്താൻ തൂവാലയും. തെരുവുനായ്ക്കൾ സിവിൽ സ്റ്റേഷൻ വളപ്പിൽ അഴിഞ്ഞാടുകയാണ്.
പ്രധാന ഗേറ്റ് കടന്നു ചെല്ലുന്നിടത്തു വാഹന പാർക്കിങ് ഏരിയയിൽ മാലിന്യവും ആക്രി സാധനങ്ങളും കൂട്ടിയിട്ടിരിക്കുന്നു. അലങ്കാര വൃക്ഷങ്ങളും ചെടികളും വളർന്നു കാടിനു സമാനമായി. ഓഫിസുകളുടെ പരിസരത്തെ പുല്ലു ചെത്തിയിട്ടു പോലും ഒന്നോ രണ്ടോ വർഷം കഴിഞ്ഞു.
മിനി സിവിൽ സ്റ്റേഷനിലേക്കു കടന്നു ചെല്ലുന്നിടത്തു മാലിന്യം തള്ളിയിരിക്കുന്നു.
പുറത്തു ബോർഡ് ഇല്ലാത്തതിനാൽ അകത്തുള്ള കെട്ടിടം സിവിൽ സ്റ്റേഷനാണെന്നു നാട്ടുകാർക്കു മാത്രമേ അറിയൂ. താലൂക്കിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ആദ്യമായി വരുന്നവർ സ്ഥലം ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കണം.
പടിഞ്ഞാറു ഭാഗത്തെ മതിൽ നിലംപൊത്താറായി നിൽക്കുന്നു. സിവിൽ സ്റ്റേഷൻ വളപ്പിൽ നിന്നുള്ള മലിനജലം മുഴുവൻ ഒഴുകുന്നതു റോഡിലേക്കാണ്. 4 നില കെട്ടിടത്തിന്റെ അകത്തു കടന്നാൽ സ്ഥിതി പുറത്തേക്കാൾ മോശം.
ജനങ്ങളുടെ സഹായത്തിനു ഫ്രണ്ട് ഓഫിസ് സംവിധാനമോ ഹെൽപ് ഡെസ്കോ ഇല്ല. ലിഫ്റ്റ് വല്ലപ്പോഴും മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. വയോജനങ്ങളും അംഗപരിമിതരും വിവിധ നിലകളിലെ ഓഫിസുകളിൽ എത്താൻ പെടാപ്പാടുപെടണം. നടന്നുകയറാൻ തയാറുള്ളവർക്കു പോലും വെല്ലുവിളി ഉയർത്തുന്നതാണു മുകളിലേക്കു പോകുന്ന കുത്തനെയുള്ള നടകൾ.
നാലുകെട്ടു മാതൃകയിലാണു സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം. നടുമുറ്റത്തു മഴവെള്ളം വീഴാതിരിക്കാൻ മുകളിൽ ഉണ്ടാക്കിയ മേച്ചിൽ ഏറെക്കുറെ നശിച്ചു.