Thu. Jan 9th, 2025
ബാലരാമപുരം:

കരമന–കളിയിക്കാവിള ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കുഴി രൂപപ്പെട്ടത് ഗതാഗതക്കുരുക്കിനിടയാക്കി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ആഴമേറുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ഭയക്കുന്നു. മഴകൂടി പെയ്താൽ സ്ഥിതി രൂക്ഷമാകാനാണ് സാധ്യത.

കാലപ്പഴക്കം വന്ന പൈപ്പ് ലൈനിൽ ചോർച്ച രൂപപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപ് അത് അടച്ച സ്ഥലത്താണ് അടുത്തടുത്തായി രണ്ട് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പൈപ്പ് പൊട്ടിയുണ്ടായ ചോർച്ച അടച്ച ശേഷം ശരിയായ രീതിയിൽ ടാർ ചെയ്തിരുന്നില്ല.

ഇതാണ് ഇപ്പോൾ ഇളകിപ്പോകുന്നത്. വിഴിഞ്ഞം തുറമുഖത്തേക്ക് കൂറ്റൻ പാറകൾ കയറ്റിപ്പോകുന്നത് ഉൾപ്പെടെ ഏറെ വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. നാലും ചേരുന്ന റോഡിൽ കുഴി രൂപപ്പെട്ടതോടെ വാഹനങ്ങൾ ഇപ്പോൾ നിരങ്ങിനീങ്ങിയാണ് കടന്നുപോകുന്നത്.

ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. രാത്രിയിലോ മറ്റോ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴിയിൽപ്പെട്ട് അപകടം ഉണ്ടാകുന്നതിന് മുൻപ് കുഴിയടച്ച് ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

By Divya