Fri. Nov 22nd, 2024
(ചിത്രം) കുന്നിക്കോട്:

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടതായി പരാതി. ഏഴുമാസം ശമ്പളം നൽകാതെയാണ് കഴിഞ്ഞദിവസം മുതല്‍ ഇവരോട് ജോലിക്ക്​ ഹാജരാകേണ്ടെന്ന് അറിയിച്ചത്. വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരാണ് അധികവും.

വിളക്കുടി പഞ്ചായത്ത്‌ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ചേര്‍ന്ന ആശുപത്രി മാനേജ്മൻെറ്​ കമ്മിറ്റിയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നു. കോവിഡ് കാലത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ആരോഗ്യപ്രവര്‍ത്തകർക്ക്​ ജോലി നഷ്​ടമായത്. സംഭവത്തെതുടര്‍ന്ന് ഡി വൈ എഫ്ഐ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫിസറെ തടഞ്ഞുവെച്ചു.

തുടർന്ന് കുന്നിക്കോട് സി ഐ മുബാറക്കി​ൻെറ നേതൃത്വത്തിൽ ചർച്ച നടത്തി. ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം എച്ച്‌ എം സി ഫണ്ടിൽനിന്ന്​ ശമ്പള കുടിശ്ശിക നൽകാമെന്നും പിരിച്ചുവിടുന്ന കാര്യത്തിൽ നിയമനുസൃതമായ നടപടി സ്വീകരിക്കാമെന്നും തീരുമാനമായി. ഡി വൈ എഫ്ഐ കുന്നിക്കോട് ബ്ലോക്ക് പ്രസിഡൻറ്​ എ എ വാഹിദ്, എം റഹിംകുട്ടി, സി സജീവൻ, അഡ്വ ബി ഷംനാദ്, എ വഹാബ്, അനീസ്, അൻവർഷ എന്നിവർ നേതൃത്വം നൽകി.

By Divya