Mon. Dec 23rd, 2024

നെടുമ്പാശേരി:

ദേശീയപാതയോരത്ത് പറമ്പയത്തെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയ നിലയിൽ. സംഭവത്തിൽ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പൊലീസിൽ പരാതി നൽകി. സ്ഥല ഉടമയ്ക്കെതിരെ നോട്ടിസും നൽകിയിട്ടുണ്ട്. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് സംഭവം. ചൊവ്വ അർധ രാത്രിക്ക് ശേഷം ആണ് ടമാലിന്യം തള്ളിയത്.

മല പോലെ കുമിഞ്ഞു കൂടിയ മാലിന്യത്തിൽ നിന്ന് അസഹ്യമായ ദുർഗന്ധം മൂലം വഴി യാത്രക്കാരും സമീപവാസികളും ദുരിതത്തിലായിരിക്കുകയാണ്. പിപിഇ കിറ്റുകൾ, സിറിഞ്ചുകൾ, ഉപേക്ഷിച്ച ഓപ്പറേഷൻ തിയറ്റർ വസ്തുക്കൾ, പാഡുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ, തുണികൾ, മരുന്ന് കുപ്പികൾ തുടങ്ങിയവ അടക്കമുള്ള മാലിന്യമാണ് പറമ്പിൽ നിക്ഷേപിച്ചിട്ടുള്ളത്. ഈ പറമ്പിലും സമീപത്തും ടോറസ് അടക്കമുള്ള ഭാര വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 30 ടണ്ണോളം മാലിന്യമുള്ളതായി കണക്കാക്കുന്നു. ബുധൻ രാവിലെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടൻ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി പഞ്ചായത്ത് കമ്മിറ്റി യോഗം വിളിച്ച് ചേർത്തു.

ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും വസ്തു ഉടമയെ വിളിച്ചു വരുത്തി മാലിന്യം പൂർണമായും പറമ്പിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തു. പിഴ ഈടാക്കുന്നത് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി പഞ്ചായത്ത് ഓഫിസിന് സമീപവും ആറാം വാർഡിലും പരിസരങ്ങളിലും രാത്രിയിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

മാലിന്യം തള്ളുന്നത് രൂക്ഷമായതോടെ കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ മാലിന്യം തള്ളുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും പിഴ അടക്കമുള്ള ശിക്ഷണ നടപടികൾ കർശനമാക്കാനും തീരുമാനിച്ചിട്ടുള്ളതായും പ്രസിഡന്റ് അറിയിച്ചു.

By Rathi N