Thu. Apr 25th, 2024

കൊച്ചി:

സർക്കാർ സ്കൂളുകളിലും ഗവ. എയ്ഡഡ് സ്കൂളുകളിലും സാങ്കേതികസൗകര്യങ്ങളുടെ ലഭ്യതക്കുറവുമൂലമുണ്ടാകുന്ന പഠനബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ അടിസ്ഥാനസൗകര്യ വികസനം ഒരുക്കി കൊച്ചിൻ സ്മാർട്ട്‌ മിഷൻ ലിമിറ്റഡ് (സിഎസ്‌എംഎൽ). ഇതിന്റെ ഭാഗമായി ജില്ലയുടെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷനും (ഡിഡിഇ) സിഎസ്എംഎല്ലും ചേർന്ന്‌ ‘പടവുകൾ’ എന്ന പുതിയ പദ്ധതി നടപ്പാക്കും.

കൊച്ചി കോർപറേഷൻ വാർഡ് ഒന്നുമുതൽ അഞ്ചുവരെയും വാർഡ് 66, 67, 68 എന്നിവിടങ്ങളിലെയും തെരഞ്ഞെടുത്ത 33 സ്കൂളിലെ 18,000 വിദ്യാർത്ഥികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതുകൂടാതെ കുട്ടികളുടെ ആരോഗ്യകാര്യങ്ങളിൽക്കൂടി ശ്രദ്ധ ഊന്നുന്നതാണ്‌ പദ്ധതി. നാല്‌ സ്കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി, മൂന്ന്‌ സ്കൂളുകളിൽ ഷീ ജിം, ഒരു സ്കൂളിൽ സയൻസ് പാർക്ക്, ഒരു സ്കൂളിൽ മൾട്ടി ഇൻഡോർ ഗെയിംസോൺ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.

36 ലക്ഷം രൂപയാണ് പദ്ധതിനിർവഹണത്തിനായി നീക്കിവച്ചത്. പദ്ധതിയുടെ ആദ്യപടിയായി വിവിധ സ്കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ടാബുകൾ ലഭ്യമാക്കാനാണ് സിഎസ്‌എംഎൽ ലക്ഷ്യമിടുന്നത്‌. കുട്ടികളുടെ പഠനത്തിന് ഭൗതികവും ബൗദ്ധികവുമായ അന്തരീക്ഷം ഒരുക്കുന്നതോടെ നല്ലൊരു ഭാവി വാഗ്‌ദാനം ചെയ്യാൻ സാധിക്കുമെന്ന് സിഎസ്എംഎൽ സിഇഒ ജാഫർ മാലിക് പറഞ്ഞു.

By Rathi N