Mon. Dec 23rd, 2024

എടക്കര:

മലയോര ഹൈവേയില്‍ മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം വകുപ്പിലെ അസിസ്റ്റന്റ് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പദ്ധതി പ്രദേശം സന്ദർശിച്ചത്. നിർമാണ ചുമതലയേറ്റെടുത്ത കേരള റോഡ് ഫണ്ട് ബോർഡ്, കിഫ്ബി, നാറ്റ്പാക്, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

പോത്ത്കല്ല് പഞ്ചായത്തിലെ മുണ്ടേരി കൃഷിഫാമിലെ നാല് കിലോമീറ്റർ അകലെ തലപ്പാലി വരെ വാഹനത്തിൽ സഞ്ചരിച്ച് സംഘം പരിശോധിച്ചു. മുണ്ടേരി ഫാം ഗേറ്റുമുതൽ വയനാട് അരുണപ്പുഴ വരെ 17 കിലോമീറ്റർ ദൂരമുണ്ട്. നാല് കിലോമീറ്റർ മുണ്ടേരി ഫാമും 13 കിലോമീറ്റർ വനപ്രദേശവുമാണ്. 25 ഹെയർപിൻ വളവ്, ചാലിയാർപുഴ, പയ്യാനിപുഴ, അരുണപ്പുഴ എന്നിവയ്ക്ക് കുറുകെ മൂന്ന് പാലങ്ങളുമാണ് നിർമിക്കേണ്ടത്.

നാറ്റ്പാക് സംഘത്തിനാണ് സാധ്യതാ പഠനവും അലൈന്‍മെന്റും നിശ്ചയിക്കുന്ന ചുമതല. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരമാണ്‌ പൊതുമരാമത്ത് വകുപ്പിൽനിന്ന് കേരള റോഡ് ഫണ്ട് ബോർഡ് വിഭാഗം നിര്‍മാണ ചുമതല ഏറ്റെടുത്തത്.സംഘം കക്കാടംപൊയിൽ റീച്ചിലെ വനപ്രദേശവും സന്ദർശിച്ചു.

നോർത്ത് സിസിഎഫ് വിനോദ് കുമാർ, ഡിഎഫ്ഒമാരായ മാർട്ടിൻ ലോവൽ, പ്രവീൺ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയർ മുഹമ്മദ് അശ്റഫ്, നിലമ്പൂർ എഇ സി ടി മുഹ്സിൻ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനിയർ ഹംസ പിലാത്തോടൻ, എ ഇ വിപിൻ, പ്രൊജക്ട് എന്‍ജിനിയർ സെമീർ, കിഫ്ബി പ്രതിനിധി രാജീവ്, നാറ്റ്പാക് സീനിയർ സയ​ന്റിസ്റ്റ് സഞ്ജയ്, വിത്സൺ എന്നിവർ സംഘത്തിലുണ്ടായി.