Fri. Nov 22nd, 2024

ആലക്കോട്:

നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഓടിപ്പോകാൻ ശ്രമിച്ച നടത്തിപ്പുകാരനെ സാഹസികമായി കീഴ്പ്പെടുത്തി. ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ടുപറമ്പിലെ ഓലഷെഡിൽ പ്രവർത്തിച്ചുവന്ന വാറ്റുകേന്ദ്രമാണ് ആലക്കോട് എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസർ പിആർസജീവിൻറെ നേതൃത്വത്തിൽ എത്തിയ സംഘം പിടികൂടിയത്.

20 ലീറ്റർ ചാരായം, 2 നാടൻതോക്ക്, 1350 ലീറ്റർ വാഷ് എന്നിവ കണ്ടെടുത്തു. നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയി ജോസി(48)നെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. എക്സൈസ് ഇൻസ്പെക്ടർ ടിവി രാമചന്ദ്രൻ, പ്രിവന്റീവ് ഓഫിസർ പിആർ സജീവ് എന്നിവർക്കു ലഭിച്ച  രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

പ്രിവന്റീവ് ഓഫിസർ കെജി മുരളീദാസ്, പ്രിവന്റീവ് ഓഫിസർമാരായ (ഗ്രേഡ്) ടിആർ രാജേഷ്, കെകെ സാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടിവി മധു, വി ധനേഷ്, പി ഷിബു, വി അരവിന്ദ്, ഡബ്ല്യു ശ്രീജിത്ത്, മുനീറ മാടളൻ, ഡ്രൈവർ ജോജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.