Sun. Nov 17th, 2024

കുറ്റിപ്പുറം:

ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ ചങ്ങനാശേരി സ്വദേശി മുഹമ്മദ് റിയാസ് (49) അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രധാനിയാണ് കുറ്റിപ്പുറം പൊലീസിൻറെ പിടിയിലായത്. സൊസൈറ്റിയുടെ മറവിൽ വൻ തട്ടിപ്പ് നടത്തുന്നതായി ഒട്ടേറെപ്പേർ പരാതി നൽകിയിരുന്നു.

മഞ്ചേരി പന്തല്ലൂർ സ്വദേശി അബ്ദുൽ നാസർ നൽകിയ പരാതിയെത്തുടർന്നാണ് മുഹമ്മദ് റിയാസിനെ കുറ്റിപ്പുറം സിഐ ശശീന്ദ്രൻ മേലയിലിൻറെ നേതൃത്വത്തിൽ നിലമ്പൂരിൽനിന്ന് പിടികൂടിയത്. അബ്ദുൽ നാസറിൽനിന്ന് പ്രതി 1.62 ലക്ഷം രൂപ കൈക്കലാക്കി എന്നാണ് എന്നാണ് പരാതി. ‘കടബാധ്യതയുള്ളവർക്ക് പണം നൽകുന്നു’ എന്ന് സൊസൈറ്റികളുടെ ഓഫിസുകൾക്ക് മുൻപിൽ ബോർഡുകൾ വച്ചാണ് ആളുകളെ വശത്താക്കിയത്. ആദ്യം 1000 രൂപ അംഗത്വഫീസ് വാങ്ങും. പിന്നീട് സംഘടനയുടെ പ്രചാരകരാക്കും.

നാട്ടിലെ സമ്പന്നരെ മുഹമ്മദ് റിയാസിന് പരിചയപ്പെടുത്തി നൽകുകയും സംഭാവന വാങ്ങിക്കൊടുക്കുകയും ചെയ്യണം. പല അംഗങ്ങളും പതിനായിരക്കണക്കിന് രൂപയാണ് പ്രതിയെ ഏൽപിച്ചതെന്നു പൊലീസ് പറഞ്ഞു.3 ലക്ഷത്തോളം രൂപ കടമുള്ള കാളികാവിലെ സ്ത്രീ ഇത്തരത്തിൽ പലയിടങ്ങളിൽ നിന്നായി പിരിച്ച് 35,000 രൂപയിലേറെ ഇയാളെ ഏൽപ്പിച്ചതായി പറയുന്നു.

16 ലക്ഷം കടമുള്ള കാൻസർ രോഗിക്ക് കടം വീട്ടാൻ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ 2 ലക്ഷത്തിലധികം രൂപ നൽകി. നൂറുകണക്കിന് ആളുകളുടെ കടം വീട്ടാനാണെന്ന വ്യാജേന രസീത് നൽകിയും ഇല്ലാതെയും ലക്ഷങ്ങൾ പിരിച്ചതായാണ് പരാതി. ആഴ്ചയിൽ പതിനായിരം രൂപ പിരിക്കാത്തവരെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

ചങ്ങനാശേരിയിൽ തുടങ്ങിയ സൊസൈറ്റി പിന്നീട് “കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുകയായിരുന്നു.നിലമ്പൂർ, മണ്ണാർക്കാട്, ആലപ്പുഴ അടക്കമുള്ള സ്ഥലങ്ങളിലും ഓഫിസുകൾ ഉണ്ട്. പണം നൽകിയവർക്ക് ഒരുവർഷം പിന്നിട്ടിട്ടും കടം വീട്ടാനുള്ള സംവിധാനം ഒരുക്കാതായതോടെയാണ് സ്ത്രീകളടക്കമുള്ളവർ പരാതിയുമായി എത്തിയത്.

ആയിരക്കണക്കിനു പേർ സൊസൈറ്റിയിൽ ചേർന്നതായാണ് വിവരം. തട്ടിപ്പ് സംബന്ധിച്ച് വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെ പ്രതിയുടെ ഡ്രൈവർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇയാളെ കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് പുറത്തായതോടെ ഒട്ടേറെപ്പേർ പരാതിയുമായി എത്തുന്നുണ്ടെന്ന് കുറ്റിപ്പുറം സിഐ പറഞ്ഞു.