Mon. Dec 23rd, 2024

എടത്വ:

പാടശേഖര നടുവിലെ താമസക്കാർക്ക് നടവഴി പോലുമില്ല. തുരുത്തിലെ കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാടുപെടുന്നു. എടത്വ പഞ്ചായത്ത് മൂന്നാം വാർഡിൽ ചങ്ങങ്കരി വൈപ്പിശേരി പാടശേഖര നടുവിലെ തണ്ടപ്രയിലെ താമസക്കാർക്കാണ് ഈ ദുരിതം.

മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ കിടപ്പ് രോഗികളുമുണ്ട്. നെൽകൃഷി വിളവെടുപ്പ് കഴിയുന്നതോടെ പാടത്ത് വെള്ളം കയറ്റുമ്പോൾ സ്വന്തമായി നിർമിച്ച ചങ്ങാടം ഉപയോഗിച്ചാണ് താമസക്കാർ മറുകര തേടുന്നത്.

കിടപ്പ് രോഗികൾക്ക് വാക്സീൻ നൽകാൻ കഴിഞ്ഞ ദിവസം എടത്വ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ തുരുത്തിൽ എത്തിയിരുന്നു. ചങ്ങാടത്തെ ആശ്രയിച്ച വനിതകൾ അടക്കമുള്ള ഉദ്യോഗസ്ഥർ പാടുപെട്ടാണ് തുരുത്തിൽ എത്തിയത്. തുരുത്തിലെ താമസക്കാർ വഴിക്കുള്ള സ്ഥലം വിലയ്ക്ക് വാങ്ങിയെങ്കിലും നടവഴി നിർമിക്കാൻ കഴിഞ്ഞില്ല.

നൂറ് മീറ്റർ ഉള്ളിലുള്ള തുരുത്തിലേക്ക് നടവഴി നിർമിക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് പല തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

By Rathi N