Mon. Dec 23rd, 2024
വെഞ്ഞാറമൂട്:

നെൽക്കർഷകർക്ക് സർക്കാർ നൽകിയിരുന്ന സഹായപദ്ധതികളെല്ലാം അപ്രത്യക്ഷമാകുന്നു. കൃഷി ബുദ്ധിമുട്ടിലായ വാമനപുരം പ‍ഞ്ചായത്തിലെ പാടശേഖര സമിതികൾ നെൽക്കൃഷി മതിയാക്കി. കഴിഞ്ഞ വർഷംവരെ നൂറ്മേനി വിളവെടുപ്പു നടത്തിയ 25 ഏക്കറോളം നെൽപാടം കളകയറി തരിശുനിലമായി.

നെൽകർഷകരെ സഹായിക്കാൻ ത്രിതല പഞ്ചായത്തുകൾ ഒരു ഹെക്ടറിനു 20000 രൂപ വരെ സബ്സിഡിയിനത്തിൽ നൽകിയിരുന്നു. ഇത് ഒരു വർഷമായി യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിവച്ചുവെന്നാണ് കർഷകരുടെ ആരോപണം. ഇതോടെ വാമനപുരം പ‍ഞ്ചായത്തിലെ വാമനപുരം, കണിച്ചോട്, ആനാകുടി പാടശേഖരങ്ങളാണ് ആശ്വാസ സഹായം ലഭിക്കാതെ നെൽക്കൃഷി ഉപേക്ഷിച്ചത്.

നാല് വർഷം മുൻപ് നെൽക്കർഷകർക്കായി സർക്കാർ കൊട്ടിഘോഷിച്ച് പ്രത്യേക പദ്ധതിക്കു രൂപം നൽകി. ഇതനുസരിച്ച് ഒരു ഹെക്ടറിനു 20000 രൂപ വരെ സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. ഏകദേശം 60000രൂപ ചെലവു വരുന്നിടത്ത് 20000രൂപയുടെ സഹായം കർഷകർക്ക് ആശ്വാസമായിരുന്നു.

നെൽക്കൃഷി നഷ്ടം എന്നു കണക്കാക്കി തിട്ട നിർമിച്ച് മറ്റു കൃഷി ചെയ്തിരുന്നവർ സർക്കാറിന്റെ ഉത്തരവിൽ ആവേശഭരിതരായി തിട്ടകൾ വെട്ടി നിരത്തി തിരികെ നെൽക്കൃഷിക്കു അനുയോജ്യമായ വയലുകളാക്കി മാറ്റി കൃഷി ആരംഭിച്ചു. മികച്ച വിളവുകൾ ലഭിച്ചുവെന്നും സന്തോഷത്തിലായിരുന്നുവെന്നും കർഷകർ പറയുന്നു.

കഴിഞ്ഞ വർഷം മുതൽ ത്രിതല പഞ്ചായത്തുകളുടെ നെൽക്കൃഷിക്കുള്ള സഹായം മുടങ്ങി. കർഷകർ ഉദ്യോഗസ്ഥരോടും രാഷ്ട്രീയക്കാരോടും അന്വേഷിച്ചെങ്കിലും ആരും മറുപടി നൽകിയില്ല. സബ്സിഡി ലഭിക്കാതായതോടെ കാർഷിക വായ്പകളും സ്വർണം പണയം ഉള്ളവരും പ്രതിമാസ അടവു മുടങ്ങി വലിയ തുകകൾ ബാധ്യതയായി.

ഒന്നാംവിള കൃഷിയിറക്കിയെങ്കിലും രണ്ടാംവിളയിറക്കാൻ കർഷകർക്കായില്ല. പാടശേഖരങ്ങൾ വീണ്ടും വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥയിലേക്ക് കളകൾ നിറഞ്ഞ് ഉപയോഗ യോഗ്യമല്ലാതായി തുടരുകയാണ്.

By Divya