കോഴിക്കോട്:
ആർക്കും കയറിയിറങ്ങാവുന്ന തരത്തിൽ തുറന്ന് കിടക്കുന്ന മെഡിക്കൽ കോളേജ് കാമ്പസിൽ വിദ്യാർത്ഥികൾക്ക് സുരക്ഷയില്ല. വിദ്യാർത്ഥികളും ജീവനക്കാരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ പലപ്പോഴും സാമൂഹികദ്രോഹികളുടെ ആക്രമണത്തിന് ഇരയാവുകയാണ്. അതിനാൽ കാമ്പസിന്റെ ചുറ്റുമതിൽ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്.
ചുറ്റുമതിലില്ലാത്തതിനാൽ സാമൂഹിക ദ്രോഹികളുടെ ആക്രമണമുൾപ്പെടെ വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്നുണ്ടെന്ന് കോളേജ് യൂനിയൻ ചൂണ്ടിക്കാട്ടി.കോളേജിന് പുറത്തുള്ളവരിൽ നിന്ന് വിദ്യാർത്ഥികൾ നിരന്തരം അതിക്രമം നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറ് തവണയാണ് പുറത്തുനിന്നുള്ളവരുടെ ആക്രമണത്തിന് ഇരയായത്.
കൂടാതെ വിദ്യാർത്ഥികളുടെ വാഹനങ്ങൾ, ജീവനക്കാരുടെ ബാഗ്, സ്വർണം ഉൾപ്പെടെ മോഷണം പോവുക, പെൺകുട്ടികളോട് മോശമായി പെരുമാറുക, മാലിന്യങ്ങൾ നിക്ഷേപിക്കുക തുടങ്ങിയ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്ന് കോളജ് യൂനിയൻ പ്രിൻസിപ്പലിനെ അറിയിച്ചു.