കോട്ടയം:
ടൈംസ് ഹയർ എജുക്കേഷൻ കഴിഞ്ഞ 50 വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ച -യുവ സർവകലാശാലകൾക്കായി പുറത്തിറക്കിയ റാങ്കിങ് പട്ടികയിൽ മികച്ച സ്ഥാനം നിലനിർത്തി മഹാത്മാഗാന്ധി സർവകലാശാല. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മൂന്നാംസ്ഥാനം സർവകലാശാല നേടി.
ആഗോള റാങ്കിങ്ങിൽ 142ാമത് സ്ഥാനമാണ് സ്ഥാപനത്തിനുള്ളത്. ഐ ഐ ടി റോപാർ, ഐഐ ടി ഇൻഡോർ എന്നിവയാണ് റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവകലാശാലയേക്കാൾ മുന്നിട്ട് നിൽക്കുന്ന ഇന്ത്യയിൽനിന്നുള്ള സ്ഥാപനങ്ങൾ. ഇവക്ക് ആഗോള റാങ്കിങ്ങിൽ യഥാക്രമം 63ഉം 76ഉം സ്ഥാനങ്ങളാണുള്ളത്. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിക്കാണ് പട്ടികയിൽ ഒന്നാംസ്ഥാനം.
പട്ടികയിൽ ഏറ്റവും കൂടുതൽ യു കെയിൽനിന്നുള്ള സ്ഥാപനങ്ങളാണ്. 34 സ്ഥാപനങ്ങളുള്ള ഇന്ത്യക്കാണ് രണ്ടാം സ്ഥാനം. പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ, രജിസ്റ്റർ ചെയ്യപ്പെട്ട പേറ്റൻറുകൾ, മറ്റ് രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണം, വിദ്യാർഥികളിലെ പെൺകുട്ടി-ആൺകുട്ടി അനുപാതം തുടങ്ങിയ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് റാങ്കിങ്. മഹാത്മാഗാന്ധി സർവകലാശാലയിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം 68:32 എന്നതാണ്.