Thu. Dec 19th, 2024
വലിയതുറ:

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ഭക്ഷ്യസാധന സ്റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് നടന്നു. വലിയതുറയിലെ എഫ് സി ഐ , സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍നിന്ന്​ ഭക്ഷ്യസാധനങ്ങള്‍ കണക്കില്‍പെടാതെ കരിഞ്ചന്തയിലേക്ക് കടത്തിയെന്നും ക്വാളിറ്റി പരിശോധനകള്‍ നടത്താതെ ഗുണനിലവാരമില്ലാത്തവ റേഷന്‍കടകളിൽ വിതരണം ചെയ്യുന്നെന്നുമുള്ള ആരോപണത്തെതുര്‍ന്നാണ് തിങ്കളാഴ്​ച സിവില്‍ സപ്ലൈസ് ഗോഡൗണില്‍ സപ്ലൈകോ അഡീ റീജനല്‍ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം കണക്കെടുപ്പ് നടത്തിത്.

രാവിലെ ആരംഭിച്ച കണക്കെടുപ്പ് വൈകീട്ടുവരെ തുടര്‍ന്നു. ചൊവ്വാഴ്​ചയും തുടരുമെന്നാണ് സൂചന. അതേസമയം എഫ് സി ഐ ഗോഡൗണില്‍ കണക്കെടുപ്പ് നടത്തുന്നതിനാല്‍ ഭക്ഷ്യസാധനങ്ങളുടെ വിതരണം നടക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് പരിശോധനസംഘം എത്തില്ലെന്ന് അറിഞ്ഞെങ്കിലും സമയം കഴിഞ്ഞതുകാരണം ഭക്ഷ്യവിതരണം നടന്നില്ല.

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സപ്ലൈസ്കോയുടെ ക്വാളിറ്റി പരിശോധന വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെതുടര്‍ന്ന്​ കസ്​റ്റോഡിയനെ സസ്പെന്‍ഡ്​ ചെയ്​തിരുന്നു. ഗോഡൗണില്‍ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ കെട്ടിക്കിടന്ന് നശിച്ച സംഭവത്തില്‍ അടിയന്തരമായി ഓഡിറ്റിങ് നടത്താനും സപ്ലൈകോ തീരുമാനിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ഗോഡൗണില്‍ നേരിട്ട് പരിശോധന നടത്തി കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സ്​റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ്​ ആരംഭിച്ചത്. ഏപ്രില്‍ അവസാനവാരം വിജിലന്‍സ്, ലീഗല്‍ മെട്രോളജി, ഫുഡ് ആൻഡ്​ സേഫ്റ്റി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി ഗോഡൗണില്‍ പരിശോധന നടത്തുകയും കോടായതും സ്​റ്റോക്കില്‍ രേഖപ്പെടുത്താതും വൃത്തിഹീന സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്നതുമായ ഭക്ഷ്യസാധനങ്ങള്‍ ക​െണ്ടത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട്​ നല്‍കിയിരുന്നു. സിവിൽ സപ്ലൈസ് ഗോഡൗണില്‍ മൂന്ന് ഗോഡൗണുകളാണുള്ളത്. ഇതില്‍ മുന്‍ഭാഗത്തെ രണ്ടെണ്ണത്തില്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും പിന്നിലെ ഗോഡൗൺ പരിശോധിക്കാന്‍ സംഘം തയാറായി​ല്ലെന്നും ആക്ഷേപമുയർന്നു.

ഇതിലാണ് കാലപ്പഴക്കംചെന്നതും ഗുണനിലാരം കുറഞ്ഞതുമായ ഭക്ഷ്യധാനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എഫ്സിഐ ഗോഡൗണി​ൻെറ മേല്‍നോട്ട ചുമതല കൈമാറുന്നതിന്​ മുന്നോടിയായി കണക്കെടുത്തപ്പോള്‍ അരിയും ഗോതമ്പും വ്യാപകമായി കരിഞ്ചന്തയിലേക്ക് മറിച്ചുകടത്തിയത്​ കണ്ടെത്തി. ഇതിനെതുടര്‍ന്ന് അവിടത്തെയും ഗോഡൗണ്‍ കസ്​റ്റഡോഡിയനെ സസ്പെഡ് ചെയ്തു.

സ്റ്റോക്കില്‍ ഭീമമായ കുറവ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്താനും കണക്കെടുപ്പിനും എഫ്സിഐയുടെ ഉന്നതര്‍ ഗോഡൗണില്‍ എത്തുമെന്ന് അറിയിച്ചിരുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ എഫ്സിഐയിലും കണക്കെടുപ്പ്​ നടക്കുമെന്നാണ് സൂചന.

By Divya