Sun. Sep 22nd, 2024
പത്തനാപുരം:

9 ദിവസം ഒറ്റയാൻ നിറഞ്ഞാടിയപ്പോൾ കർഷകന്റെ വിയർപ്പിൽ വിളഞ്ഞതെല്ലാം വെണ്ണീറായി. മൂലമൺ, വലിയകാവ്, ചെറുകടവ്, ഓലപ്പാറ, മഹാദേവർമൺ ഗ്രാമങ്ങളിൽ നിന്ന് ഉയരുന്നത് വിലാപങ്ങൾ മാത്രം. സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ പോലും ഭയമാണ് ഈ ഗ്രാമങ്ങളിലുള്ളവർക്ക്.

നടപടിയാവശ്യപ്പെട്ടു വനം അധികൃതരെ സമീപിച്ചു മടുത്ത ഇവർ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വൈകിട്ട് 7 കഴിയുമ്പോൾ എത്തുന്ന കാട്ടാന പുലർച്ചെ വരെ തമ്പടിച്ചാണ് മടങ്ങുക. ഓടിച്ചു കാട്ടിൽ കയറ്റാൻ ശ്രമിച്ചാൽ ആക്രമിക്കുന്നതിനാൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. കാർഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ അരിയിൽ മണ്ണു വാരിയിട്ടതിനു തുല്യമാണ് ഇപ്പോഴത്തെ അവസ്ഥയെന്നു ഇവർ പറയുന്നു.

ശാലേം പുത്തൻവീട്ടിൽ ജയരാജ്, അജോ വിലാസത്തിൽ അന്നമ്മ ജോസ്, കാനാട്ട് വീട്ടിൽ ജയിംസ്, ജോസഫ്, കുര്യൻ, മത്തായി, തടത്തിൽ ബാലൻ, സുനിൽ ഭവനിൽ സുനിൽ, പാറവിള പുത്തൻവീട്ടിൽ രത്നമ്മ, പറങ്കിമാംവിള വീട്ടിൽ മാത്യു ശാമുവേൽ, മൈലാടിയിൽ ബേബിച്ചൻ, അമ്പാട്ട് കുഞ്ഞുമോൾ, പുതിയ വീട്ടിൽ രവീന്ദ്രൻ പിള്ള എന്നിവരുടെയെല്ലാം വിളകൾ കാട്ടാന നശിപ്പിച്ചു. റബറിന് ഇടവിളയായി കൃഷി ചെയ്ത വാഴ, ചേന, ചേമ്പ്, റബർത്തൈ, പ്ലാവ്, കമുക്, കൂറ്റൻ മരങ്ങൾ എല്ലാം നശിപ്പിക്കപ്പെട്ടവയിൽപെടും. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ജനവാസ മേഖലയോടു ചേർന്ന വനാതിർത്തികളിലെ അടിക്കാട് വെട്ടുകയും കിടങ്ങ് നിർമിക്കുകയും മാത്രമാണ് കാട്ടാന ശല്യത്തിൽ നിന്നുള്ള പോംവഴി. പ്രദേശവാസികളെ സംഘടിപ്പിച്ചു വനം ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തും.

By Divya