കൊച്ചി:
ഭൂപടവും ഗ്ലോബും അറ്റ്‌ലസും മാത്രം ഉപയോഗിച്ചുള്ള ജ്യോഗ്രഫി പഠനം ഇനി പഴങ്കഥ. 39 പഠനസാമഗ്രികളുമായി ജ്യോഗ്രഫി പഠനത്തിനായി ലാബ് ഒരുക്കിയിരിക്കുകയാണ് വെണ്ണല ഗവ. ഹൈസ്കൂൾ. ഇതോടെ ജ്യോഗ്രഫി ലാബുള്ള ജില്ലയിലെ ഏക പൊതുവിദ്യാലയമായി വെണ്ണല ഗവ. ഹൈസ്കൂൾ മാറി.
സൗരയൂഥം, സൂര്യൻ, ഭൂമി, ചന്ദ്രൻ, ഭ്രമണം, പരിക്രമണം, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം എളുപ്പമാക്കാനായി സമഗ്രശിക്ഷാ കേരളമാണ് ലാബ് സജ്ജീകരിച്ചത്. 30,000 രൂപ ചെലവിൽ സ്കൂളിന്റെ രണ്ടാമത്തെ നിലയിലാണ് ലാബ് ഒരുക്കിയത്. അഞ്ചുമുതൽ പത്താംക്ലാസുവരെയുള്ള പാഠഭാഗങ്ങളെ മുൻനിർത്തിയുള്ളതാണ് ലാബിലെ ഉപകരണങ്ങൾ.
ബഹിരാകാശ കാഴ്ചയിൽനിന്ന് വ്യത്യസ്തമായി ഭൂമിയിൽനിന്നുള്ള കാഴ്ചയെ പരിഗണിച്ച് നിർമിച്ച ഉപകരണങ്ങളാണ് ലാബിലുള്ളത്. അതുകൊണ്ടുതന്നെ ഉപകരണങ്ങളെല്ലാം ലംബമായ പ്രതലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ രീതി ഗുണം ചെയ്യും.
സമഗ്രശിക്ഷാ കേരളം സംസ്ഥാനതലത്തിൽ ജ്യോഗ്രഫി ലാബ് ഒരുക്കുന്നതിനുള്ള പരിശീലനം അധ്യാപകർക്ക് നൽകിയിരുന്നു. ജില്ലയെ പ്രതിനിധാനംചെയ്‌ത് അബ്ദുൾ ഷുക്കൂർ, എൽദോ പോൾ, അനിൽ സോണി എന്നീ അധ്യാപകരാണ് പങ്കെടുത്തത്. ഇവരുടെ നേതൃത്വത്തിൽ ജില്ലയിലെ 35 അധ്യാപകർക്ക് വെണ്ണല ഗവ. ഹൈസ്കൂളിൽവച്ച് പരിശീലനം നൽകി.
ഇതിലൂടെ അധ്യാപകർ നിർമിച്ച ഉപകരണങ്ങളാണ് ജ്യോഗ്രഫി ലാബിൽ സജ്ജീകരിച്ചത്. ഭൂമിയിൽനിന്ന്, ഭൂമിയുടെ ചരിവനുസരിച്ച് നമുക്ക് ദൃശ്യമാകുന്ന ആകാശക്കാഴ്ചകളും അനുഭവങ്ങളും ബോധ്യപ്പെടുത്തുന്ന സമാന്തരഭൂമി, ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം ഭൂമിയെ പരിക്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളായ ഭൂസ്ഥിര ഉപഗ്രഹം, ഭൂമിയുടെ ധ്രുവങ്ങൾക്കുമുകളിലൂടെ ഭൂമിയെ ചുറ്റുന്ന മനുഷ്യനിർമിത പോളാർ സാറ്റലൈറ്റുകൾ ഉൾപ്പെടെനിരവധി ഉപകരണങ്ങൾ ലാബിലുണ്ട്. കുട്ടികൾക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച് ആശയങ്ങൾ മനസ്സിലാക്കാനാകും.
ഓരോ ഉപകരണത്തിനുസമീപവും ആശയവും പ്രവർത്തിപ്പിക്കേണ്ട രീതിയും എഴുതിവച്ചിട്ടുണ്ട്. വെണ്ണല ഗവ. ഹൈസ്കൂളിലെ കുട്ടികൾക്കുമാത്രമല്ല, ജില്ലയിലെ ഏത് സ്കൂളിലെ കുട്ടികൾക്കും ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം.