കൊച്ചി:
ആലുവ ചൂണ്ടി സ്വദേശി ജെഫി സേവ്യറിന്റെ പച്ചക്കറിക്കടകൾക്കു മുന്നിലെത്തുമ്പോൾ ആരും ആ ബാനറിലേക്കൊന്നു ശ്രദ്ധിച്ചുപോകും. ‘കാൻസർ രോഗികൾക്കു പച്ചക്കറി സൗജന്യം–8589885349’. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജെഫി നടത്തുന്ന 6 പച്ചക്കറിക്കടകൾക്കു മുന്നിലും ഈ ബാനർ കാണാം. കാൻസർ രോഗികളുള്ള വീടുകളിലേക്കു തീർത്തും സൗജന്യമായി ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ നിറച്ച കിറ്റ് ജെഫി നൽകും.
ഇപ്പോൾ ദിവസം 45 കിറ്റുകൾ ജെഫിയുടെ കടകളിൽ നിന്ന് ഇത്തരത്തിൽ നൽകുന്നു. 5 വർഷമായി ഈ സേവനം തുടങ്ങിയിട്ട്. ‘ 5 വർഷം മുൻപ് ഒരു രാത്രി ആലുവ പുളിഞ്ചോട്ടിലെ കട പൂട്ടി വീട്ടിലേക്കു മടങ്ങിയെങ്കിലും പെട്ടെന്നു വീണ്ടും കടയിലേക്കു വരേണ്ടിവന്നു. കടയ്ക്കു പുറത്തു കൂട്ടിയിട്ട കേടായ പച്ചക്കറികളിൽ നിന്ന് ഒരാൾ പച്ചക്കറി ശേഖരിക്കുന്നു.
മാന്യമായ വേഷം ധരിച്ചയാൾ. എന്താണു ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ ഭാര്യയ്ക്കു കാൻസറാണെന്നും പണമില്ലാത്തതിനാലാണു പച്ചക്കറി എടുക്കുന്നതെന്നും പറഞ്ഞു. അതു മനസ്സിനെ വല്ലാതെ ഇളക്കി. അന്നെടുത്ത തീരുമാനമാണിത് ’. ജെഫ് പറയുന്നു.
കടവന്ത്ര, കതൃക്കടവ്, ആലുവ പുളിഞ്ചോട്, അങ്കമാലി, അത്താണി, ചെങ്ങമനാട് ചുങ്കം എന്നിവിടങ്ങളിൽ ‘ജാഫ് വെജ് പീപ്പിൾ’ എന്ന കടയുണ്ട്. എല്ലായിടത്തും ഈ ബാനറുമുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിൽ ജെഫി ഒട്ടേറെ പേർക്കു പൊതിച്ചോർ വിതരണം ചെയ്തിരുന്നു.