Sat. Nov 23rd, 2024
ശാന്തൻപാറ:

കേരളം– തമിഴ്നാട് അതിർത്തി മേഖലകളിൽ ഏലം, തേയില തോട്ടം തൊഴിലാളികൾക്ക്‌ കോവിഡ്‌ മാനദണ്ഡങ്ങൾ കർശനമാക്കി. ബോഡിമെട്ട് ചെക്ക്പോസ്റ്റ്‌ കടക്കണമെങ്കിൽ തൊഴിലാളികളുടെ പക്കൽ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം. വാഹനത്തിൽ വരാവുന്ന തൊഴിലാളികളുടെ എണ്ണവും ക്രമപ്പെടുത്തിയിട്ടുണ്ട്‌.

ഏഴ്‌ തൊഴിലാളിക്കാണ്‌ ഒരു ജീപ്പിൽ വരാനാവുക. ശാന്തൻപാറ, പൂപ്പാറ, ചെറിയാർ, ഉടുമ്പൻചോല തുടങ്ങിയ മേഖലകൾ കർശന നിയന്ത്രണത്തിലാണ്‌.
കോവിഡ്മൂലം തമിഴ്നാട്ടിൽനിന്ന്‌ തൊഴിലാളികൾ വരാതായതോടെ തോട്ടം ഉടമകൾ കടുത്ത ബുദ്ധിമുട്ടിലായിരുന്നു. ഇതോടെയാണ്‌ അധികൃതർ നിയന്ത്രണങ്ങളോടെ തൊഴിലാളികളെ കടത്തിവിടുന്നത്‌.

പൂപ്പാറ, ശാന്തൻപാറ മേഖലകളിൽ പൊലീസ് പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട് ഇതിനിടെ വളത്തിന്റെയും കീടനാശിനിയുടെയും വിലയിലുണ്ടായ വർധന തോട്ടം ഉടമകളെ കഷ്ടത്തിലാക്കി. തമിഴ്നാട്ടിൽനിന്ന്‌ വരുന്ന ഒരു തൊഴിലാളിക്ക് രാവിലെ എട്ടുമുതൽ 4.30 വരെ ജോലി ചെയ്യുന്നതിന്‌ 600 രൂപ കൂലിയും വണ്ടിക്കൂലി 100 രൂപയും ആയിരുന്നു.

എന്നാൽ, ഇപ്പോൾ രാവിലെ 8.30 മുതൽ പകൽ 3.30 വരെ ജോലി ചെയ്യുന്നതിന് വണ്ടിക്കൂലി ഇല്ലാതെ 500 രൂപയാണ് നൽകുന്നത്‌. ജോലി സമയം കുറച്ചതിനാൽ പണികൾക്ക്‌ കാലതാമസം ഉണ്ടാകുന്നതും ഉടമകൾക്ക്‌ നഷ്ടമുണ്ടാക്കുന്നു.

By Divya