തലയോലപ്പറമ്പ്:
സുൽത്താൻ്റെ കഥകൾ പിറന്ന പുഴയോരത്ത് ഇനി ബഷീർ കഥാപാത്രങ്ങളും നമുക്കൊപ്പം. കഥകളുടെ സുൽത്താൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 27 വർഷം തികയുമ്പോൾ തലയോലപ്പറമ്പിലെ ബഷീർ സ്മാരക ട്രസ്റ്റാണ് ബഷീറിൻ്റെ അർധകായ ശിൽപവും ആർട് ഗാലറിയും തയ്യാറാക്കി അദ്ദേഹത്തിൻ്റെ ജന്മനാടിന് സമർപ്പിച്ചത്. ബഷീറിന്റെ കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമയാണ്. അവയെ കൂടുതൽ പ്രഭയോടെ നിർത്താൻ പുതിയ ഗ്യാലറി സഹായകമാകും.
മൂവാറ്റുപുഴയാറിന്റെ തീരത്താണ് ബഷീർ സ്മാരക ട്രസ്റ്റ് നിലകൊള്ളുന്നത്. മനുഷ്യജീവിതത്തെ സാധാരണക്കാരനിലേക്ക് ഇഴുകിച്ചേർന്ന് വരച്ചുകാണിക്കുന്ന കഥകൾക്ക് ജീവൻ പകർന്ന് മൂവാറ്റുപുഴയാറിന്റെ തീരത്ത് എല്ലാ വർഷവും ബഷീർ അവാർഡ്ദാന സമർപ്പണവും കഥകളെ സ്നേഹിക്കുന്നവരുടെ സംഗമവും നടക്കും. 2008ലാണ് അദ്ദേഹത്തിന്റെ ജന്മം കൊണ്ട് ധന്യമായ തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്.
ഡോ സുകുമാർ അഴിക്കോടാണ് ട്രസ്‌റ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചത്. 50000 രൂപയും സി എൻ കരുണാകരൻ രൂപകൽപന ചെയ്ത ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് എല്ലാ വർഷവും നൽകിവരുന്നു.
എൻ പ്രഭാകരൻ, റഫീക്ക് അഹമ്മദ്, സാറാ ജോസഫ്, ബി രാജീവൻ, എൻ എസ് മാധവൻ, ആറ്റൂർ രവിവർമ്മ, സുഭാഷ് ചന്ദ്രൻ, കല്പറ്റ നാരായണൻ, അഷിത, സെബാസ്റ്റ്യൻ, വി ജെ ജയിംസ്, ടി പത്മനാഭൻ, എം കെ സാന്യ എന്നിവരാണ് അവാർഡ് ലഭിച്ചവർ. നിരവധിയായ സാഹിത്യ -സാംസ്‌കാരിക പരിപാടികളും ചർച്ചകളും ട്രസ്റ്റ് നടത്തി വരുന്നുണ്ട്.
എം എ ബേബി സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോൾ ലഭിച്ച ഗ്രാന്റും പി ആർ രാജൻ എംപിയുടെ ഫണ്ടിൽ നിന്ന് ലഭിച്ച തുകയും ഉപയോഗിച്ചാണ് കേരളത്തിലെ തന്നെ ആദ്യത്തെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം മൂവാറുപുഴയാറിന്റെ തീരത്ത് ഇരു നിലകളിലായി നിർമിച്ചത്. സാംസ്‌കാരിക കേരളത്തിന് അഭിമാനമായി ഇനി തലയോലപ്പറമ്പിലെ ബഷീർ ആർട് ഗാലറിയും ശിൽപവും ബഷീർ കഥകളെ വീണ്ടും മനസ്സിലേക്ക് എത്തിക്കും.