ആലപ്പുഴ:
നഗരത്തെ ഒരാഴ്ച രോഗഭീതിയിലാഴ്ത്തിയ വയറിളക്കത്തിന്റെയും ഛർദിയുടെയും ഉറവിടം കോളിഫോം ബാക്ടീരിയയെന്ന് കണ്ടെത്തൽ. നഗരത്തിലെ ആർഒ പ്ലാന്റുകളിൽനിന്ന് ശേഖരിച്ച ജലത്തിന്റെ സാമ്പിളിലാണ് ഇത് തിരിച്ചറിഞ്ഞത്. 10 ജല സാമ്പിളുകളിൽ എട്ടുമുതൽ 13 ശതമാനം വരെയാണ് കോളിഫോം ബാക്ടീരിയ ഉെണ്ടന്നാണ് കണ്ടെത്തൽ.
അതിനിടെ, വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച ഇറച്ചിയുടെ സാമ്പിളിലും ചെറിയതോതിൽ ഇ-കോളിയുടെ സാന്നിധ്യമുണ്ട്. രോഗം ബാധിച്ച കുട്ടികളുടെ ശരീരത്തുനിന്ന് സ്വാബ് ശേഖരിച്ച് റോട്ടാ, എൻററോ വൈറസുകളുടെ സാന്നിധ്യമില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ എൽ അനിതാകുമാരി അറിയിച്ചു. ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയിൽ 180/100 മി.ലി അളവിൽ കോളിഫോം രോഗാണുവിനെ കണ്ടെത്തിയിരുന്നു.
എന്നാൽ, മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ വെള്ളത്തിന്റെ കൾചർ പരിശോധന നടത്തിയതിൽ രോഗാണുക്കളെ കണ്ടെത്താനായില്ല. വെള്ളത്തിലെ ക്ലോറിന്റെ അളവ് കണ്ടെത്തുന്നതിനായി ആലപ്പുഴ മുനിസിപ്പൽ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും നടത്തിയ പരിശോധനയിൽ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ആശ പ്രവർത്തകർ മുനിസിപ്പൽ പ്രദേശത്തെ വീടുകളിൽ സന്ദർശിച്ച് ആവശ്യമായ മാർഗനിദേശവും ബോധവത്കരണവും നടത്തുമെന്ന് അവർ പറഞ്ഞു.
24 മണിക്കൂറിനിടെ 81 പേരാണ് ഛർദി, വയറിളക്കം രോഗലക്ഷണങ്ങളോടെ പുതുതായി ചികിത്സ തേടിയത്. പലരെയും പ്രാഥമികചികിത്സ നൽകിയാണ് വിട്ടയച്ചത്. ഇതോടെ, രോഗികളുടെ എണ്ണം 430കടന്നു. തിങ്കളാഴ്ച മാത്രം 18 കുട്ടികളാണ് കടപ്പുറം വനിത-ശിശു ആശുപത്രിയിൽ ചികിത്സതേടിയത്.