Mon. Dec 23rd, 2024

കുട്ടനാട് :

പുനർനിർമാണം നടക്കുന്ന ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഗതാഗതക്കുരുക്കിൽപെട്ട 2 വിദ്യാർത്ഥികൾക്ക് സമയത്തു സ്കൂളിലെത്താൻ കഴിയാത്തതിനാൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനായില്ല. ചങ്ങനാശേരിയിലെ സ്കൂളിൽ പരീക്ഷയ്ക്കുപോയ രാമങ്കരി, മാമ്പുഴക്കരി സ്വദേശികളായ വിദ്യാർത്ഥികൾക്കാണ് ഇന്നലത്തെ പരീക്ഷ നഷ്ടമായത്. ഇന്നു പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകാമെന്നു സ്കൂൾ അധികൃതർ അറിയിച്ചു.

ഇന്നലെ രാവിലെയുണ്ടായ ഗതാഗതക്കുരുക്കിലാണു വിദ്യാർത്ഥികൾ കുടുങ്ങിയത്. പാറയ്ക്കൽ പാലത്തിന്റെ തൂൺ പൈലിങ് നടത്തുന്ന സ്ഥലത്ത് മണിക്കൂറുകളോളമാണു വാഹനങ്ങൾ കുടുങ്ങിയത്. പൊങ്ങ പാലത്തിന്റെ പൈലിങ് കൂടി ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയായി.

എസി റോഡിലെ കുരുക്ക് ഒഴിവാക്കുന്നതു സംബന്ധിച്ചു ചർച്ച നടത്താൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുമെന്നു കലക്ടർ പ്രഖ്യാപിച്ചെങ്കിലും തീയതി അറിയിച്ചിട്ടില്ല. വലിയ വാഹനങ്ങൾ വഴിതിരിച്ചു വിടണമെന്നും ഗതാഗതനിയന്ത്രണത്തിനു കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.

By Rathi N